‘തുളസിക്കതിർ നുള്ളിയെടുത്ത്’ മലയാളികൾ നെഞ്ചേറ്റിയ ഈ ഗാനം ഒരുക്കിയത് മരം കയറ്റ തൊഴിലാളിയായ സഹദേവൻ; വൈറലായ പാട്ടും അറിയാതെപോയ രചയിതാവും

September 9, 2020

‘തുളസിക്കതിർ നുള്ളിയെടുത്തു

കണ്ണന് ഒരു മാലയ്ക്കായി’..

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ഭക്തി ഗാനങ്ങളിൽ ഒന്നാണിത്. മലയാളികൾ നെഞ്ചേറ്റിയ ഈ മനോഹര ഗാനത്തിന്റെ രചയിതാവിനെക്കുറിച്ചുള്ള ധാരണങ്ങൾ ഇതുവരെ അജ്ഞാതമായിരുന്നു. കാലാകാലങ്ങളായി ഈ സുന്ദര ഗാനം വിവിധ രീതികളിൽ ആലപിക്കുകയും വൈറലാകുകയുമൊക്കെ ചെയ്തിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം ഈ പാട്ടിന് വരികൾ ഒരുക്കിയ രചയിതാവിനെ കണ്ടെത്തിയിരിക്കുകയാണ്.

കരുനാഗപ്പള്ളി തൊടിയൂർ സ്വദേശിയായ സഹദേവൻ എന്ന മരം കയറ്റ തൊഴിലാളിയാണ് ഈ സുന്ദരമായ പാട്ടിന് വരികൾ ഒരുക്കിയത്. 30 വർഷങ്ങൾക്ക്‌ മുൻപാണ് അവിചാരിതമായി സഹദേവൻ ഈ പാട്ടിന് വരികൾ ഒരുക്കിയത്. എന്നാൽ ‘തുളസിക്കതിർ നുള്ളിയെടുത്തു’ എന്നതിനുപകരം ‘പിച്ചിപ്പൂ പിച്ചിയെടുത്തു’ എന്നാണ് സഹദേവൻ എഴുതിയത്. എന്നാൽ ചെറിയ മാറ്റങ്ങളോടെ തന്റെ പാട്ട് നിരവധി വേദികളിൽ ആലപിക്കപ്പെടുമ്പോൾ പാട്ടെഴുതിയ ഡയറിയുമായി അദ്ദേഹം ഇതൊന്നുമറിയാതെ കഴിയുകയായിരുന്നു.

Read also: ഇന്ന് പിറന്നാള്‍; മലയാളികളുടെ പ്രിയതാരത്തിന് കുട്ടിക്കാല ചിത്രം കൊണ്ടൊരു ആശംസ

തന്റെ പാട്ടിന്റെ വരികൾ ഇത്രമാത്രം ജനകീയമായതൊന്നും അറിയാതെ കഴിഞ്ഞിരുന്ന സഹദേവൻ ഒരിക്കൽ അവിചാരിതമായാണ് തന്റെ പാട്ട് കേൾക്കുന്നത്. ഹന ഫാത്തിമ എന്ന കൊച്ചുമിടുക്കി ഈ പാട്ട് പാടുന്ന വീഡിയോ കണ്ടതോടെയാണ് തന്റെ പാട്ടിന് ലഭിച്ച പ്രചാരത്തെക്കുറിച്ച് സഹദേവൻ അറിഞ്ഞത്. ഇതിന് പുറമെ മറ്റ് നിരവധി ഗാനങ്ങളും അദ്ദേഹത്തിന്റെ തൂലികയിൽ വിരിഞ്ഞിട്ടുണ്ട്.

Story Highlights: thulasikkathir song lyricist sahadevan