രസകരം ‘സുനാമി’യിലെ ഇന്നസെന്റും സംഘവും ആലപിച്ച ‘സമാഗരിസ’ പാട്ട്; വീഡിയോ ഗാനം

September 2, 2020

ലാൽ കുടുംബത്തിൽ നിന്നും പിറവിയെടുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സുനാമി. ലാൽ തിരക്കഥയൊരുക്കി മകൻ ജീൻ പോൾ ലാൽ സംവിധാനം ചെയ്ത് മരുമകൻ അലൻ ആന്റണി നിർമിക്കുന്ന ചിത്രം. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ചിത്രീകരണം നടത്തിയ ചിത്രത്തിലെ പ്രോമോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇന്നസെന്റും സംഘവും ചേർന്നാലപിച്ച ‘സമാഗരിസ’ എന്ന രസകരമായ ഗാനമാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്.

മോഹൻലാൽ, മമ്മൂട്ടി എന്നിങ്ങനെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഇരുപതോളം താരങ്ങളുടെ പേജുകളിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്. ഫാമിലി എന്റർടൈനറായ ചിത്രത്തിന്റെ നിർമാണം പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണിയാണ്. ‘ഡ്രൈവിങ് ലൈസൻസി’ന് ശേഷം ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സുനാമി’. ലാൽ ആണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഗാനത്തിന്റെ വരികളും ഒരുക്കിയിരിക്കുന്നത് ലാൽ ആണ്.

‘സുനാമി’യിൽ നായകനായെത്തുന്നത് നടൻ ബാലു വർഗീസ് ആണ്. ചിത്രത്തിൽ ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, സുരേഷ്‌ കൃഷ്ണ എന്നിവർ മറ്റ്‌ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഛായാഗ്രഹണം- അലക്സ് ജെ പുളിക്കൽ, എഡിറ്റിംഗ്- രതീഷ് രാജ്, സംഗീതം- യാക്സൻ ഗാരി പെരേര & നേഹ നായർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അനൂപ് വേണുഗോപാൽ. തൃശൂർ, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് സുനാമി ചിത്രീകരണം പൂർത്തിയാക്കിയത്.

Story Highlights:Tsunami Official Promo Video Song