ചിരഞ്ജീവിയുടെ സഹോദരിയായി സായ് പല്ലവി; ‘വേതാളം’ തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു

September 11, 2020

മലർ മിസ്സായി മലയാളികളുടെ ഹൃദയം കവർന്ന സായ് പല്ലവി ഇന്ന് തെന്നിന്ത്യയിലെ സൂപ്പർ നായികയാണ്. തമിഴിലും തെലുങ്കിലും സജീവമായ സായ് പല്ലവി പുതിയ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ്. അജിത് നായകനായ സൂപ്പർഹിറ്റ് ചിത്രം വേതാളത്തിന്റെ തെലുങ്ക് റീമേക്കിൽ ചിരഞ്ജീവിയുടെ സഹോദരി വേഷത്തിലെത്താനായി സായ് പല്ലവി തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

തമിഴിൽ ലക്ഷ്മി മേനോൻ അവതരിപ്പിച്ച കഥാപാത്രത്തെയാണ് സായ് പല്ലവി തെലുങ്കിൽ അവതരിപ്പിക്കുന്നത്. നിർണായകമായ വേഷത്തിലേക്ക് സായ് പല്ലവിയെ ക്ഷണിക്കാനായി നിർമാതാക്കൾ ചർച്ച നടത്തിയതായാണ് സൂചന. ചിത്രത്തിൽ സായ് പല്ലവിയുണ്ടാകുമോ എന്നതിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. മെഹർ രമേശാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെ സംവിധായകന്റെ ജന്മദിനത്തിൽ നടൻ പവൻ കല്യാൺ ആശംസ അറിയിച്ചത് വേതാളത്തിന്റെ തെലുങ്ക് റീമേക്കിനെ കുറിച്ചായിരുന്നു. ചിരഞ്ജീവിക്കൊപ്പമുള്ള ചിത്രത്തിന് ആശംസകൾ എന്നാണ് പവൻ കല്യാൺ കുറിച്ചത്.

Read More: ‘പിന്നീട് കോളേജിലേക്ക് പോയിട്ടില്ല..കാരണം ചില സമയങ്ങളിൽ നിങ്ങളുടെ ഒഴുക്കിനെ വിശ്വസിക്കേണ്ടതുണ്ട്’- നന്ദനം ഓർമ്മകളിൽ പൃഥ്വിരാജ്

അതേസമയം, തമിഴിൽ നിന്നും തെലുങ്കിലേക്ക് എത്തുമ്പോൾ സ്ക്രിപ്റ്റിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ചിരഞ്ജീവിയുടെ താരമൂല്യത്തിനനുസരിച്ച് സ്ക്രിപ്റ്റ് മാറ്റിയിട്ടുണ്ട്. ‘ആചാര്യ’, ‘ലൂസിഫർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വേതാളത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Story highlights- vethalam telugu remake