തമിഴ് സിനിമാ ലോകത്തേക്ക് റഹ്മാന്റെ ശക്തമായ തിരിച്ചുവരവ്- അണിയറയിൽ ഒരുങ്ങുന്നത് 6 ചിത്രങ്ങൾ

ഒരുകാലത്ത് മലയാളം -തമിഴ് ചിത്രങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു റഹ്‌മാൻ. മലയാളത്തിൽ കൂടുതലും സഹതാരമായാണ് തിളങ്ങിയതെങ്കിലും തമിഴിൽ നായക വേഷങ്ങളാണ് ചെയ്തിരുന്നത്. 1980കളായിരുന്നു റഹ്മാന്റെ സജീവ കാലഘട്ടം. ഇപ്പോഴിതാ, ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമയിൽ സജീവമാകുകയായാണ് റഹ്‌മാൻ.

ഇതുവരെ വർഷത്തിൽ ഒരിക്കൽ അതിഥി വേഷത്തിലൊക്കെ വന്നുപോയ റഹ്‌മാൻ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആറു ചിത്രങ്ങളാണ് അണിയറയിൽ പുരോഗമിക്കുന്നത്. സുബ്ബുറാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തന്റെ ഭാഗങ്ങൾക്കായി താരം ഡബ്ബിംഗും പൂർത്തിയാക്കിയിട്ടുണ്ട്.

റഹ്മാന്റെ സിനിമാ ജീവിതത്തിലെ വ്യത്യസ്തമായ ഒരു ചിത്രമാണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നായകനായി തന്നെയാണ് അദ്ദേഹം രണ്ടാം വരവിൽ ശക്തമായ തിരിച്ചുവരവ് നടത്തുന്നത്. മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’, ജയം രവിയുടെ ‘ജന ഗണ മന’, വിശാലിന്റെ ‘തുപ്പരിവാളൻ 2’, ‘ഓപ്പറേഷൻ അരപൈമ’, ‘നാടക മേടൈ’, ‘സർവ്വാധികാരി’ എന്നീ ചിത്രങ്ങളിലും റഹ്‌മാൻ വേഷമിടുന്നുണ്ട്.

തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി നൂറ്റമ്പതിലേറെ ചിത്രങ്ങളിൽ വേഷങ്ങൾ ചെയ്തിട്ടുണ്ട് റഹ്‌മാൻ. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള സൂപ്പർതാരങ്ങളിൽ ഒരാളായിരുന്നു റഹ്‌മാൻ.

Read More:ജൈവകൃഷി ശക്തമാക്കാൻ പുതിയ സംരംഭവുമായി ശ്രീനിവാസൻ- വിഷം കലരാത്ത പച്ചക്കറികളുമായി ‘ശ്രീനി ഫാംസ്’

തമിഴ് സിനിമാലോകത്ത് രഘുമാൻ എന്നും തെലുങ്ക് സിനിമകളിൽ രഘു എന്നുമാണ് റഹ്മാൻ അറിയപ്പെടുന്നത്. സംവിധായകൻ പത്മരാജനാണ് റഹ്മാനെ കണ്ടെത്തിയത്. ശിവാജി ഗണേശൻ, പ്രേംനസീർ തുടങ്ങിയ പഴയതലമുറയ്ക്കൊപ്പവും മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർക്കൊപ്പവും അഭിനയിച്ച നടനാണ് റഹ്മാൻ.

Story highlights- actor rahmans’s strong comeback