‘ജോർജുകുട്ടിയും കുടുംബവും ലൂഡോ കളിക്കുന്ന തിരക്കിലാണ്’- ശ്രദ്ധ നേടി ‘ദൃശ്യം 2’ ഷൂട്ടിംഗ് ഇടവേളയിലെ ചിത്രം

October 10, 2020

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ദൃശ്യം 2 ലൊക്കേഷനിലേക്ക് കാറിൽ വന്നിറങ്ങുന്ന മോഹൻലാലിൻറെ വീഡിയോ ശ്രദ്ധ നേടിയതിന് പിന്നാലെ ഇപ്പോഴിതാ, ഷൂട്ടിംഗ് ഇടവേളയിലെ ചിത്രമാണ് വൈറലാകുന്നത്. സംവിധായകൻ ജീത്തു ജോസഫാണ് ചിത്രം പങ്കുവെച്ചത്.

ഉച്ച ഊണും കഴിഞ്ഞ് ജോർജുകുട്ടിയും കുടുംബവും ലൂഡോ കളിക്കുന്ന തിരക്കിലാണ്. ആദ്യ ഭാഗത്ത് തെന്നെ കണ്ട് സുപരിചതമായ തൊടുപുഴയിലെ വീടിന്റെ വരാന്തയിൽ മോഹൻലാലും മീനയും അൻസിബയും എസ്തറും ഒന്നിച്ചിരുന്ന് ലൂഡോ കളിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫ്, മറ്റ് അണിയറപ്രവർത്തകർ എന്നിവരും ഒപ്പമുണ്ട്.

ഒരു കുടുംബ ചിത്രമായാണ് ആദ്യ ഭാഗത്ത് നിന്നും വ്യത്യസ്തമായി ദൃശ്യം 2 ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ തികച്ചും കുടുംബാന്തരീക്ഷത്തിലാണ് ചിത്രീകരണം നടക്കുന്നതും. ജോർജുകുട്ടിയും കുടുംബവും ആറു വർഷങ്ങൾക്ക് ശേഷം എന്ന കുറിപ്പിനൊപ്പം കഴിഞ്ഞ ദിവസം ജീത്തു ജോസഫ് പങ്കുവെച്ച ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.

Read More: ആറു വർഷങ്ങൾക്ക് ശേഷം ജോർജുകുട്ടിയും കുടുംബവും ഇങ്ങനെയാണ്- ‘ദൃശ്യം 2’ ലൊക്കേഷൻ ചിത്രം പങ്കുവെച്ച് ജീത്തു ജോസഫ്

ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി താരങ്ങളെല്ലാം കൊവിഡ് പരിശോധന പൂർത്തിയാക്കിയിരുന്നു. ജീത്തു ജോസഫ് തന്നെ രചനയും സംവിധാനവും നിർവഹിക്കുന്ന ദൃശ്യം 2 ഒന്നാം ഭാഗത്തിന്റെ തുടർച്ചയല്ല.  മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ എന്നിവരാണ് കുടുംബാംഗങ്ങളായി എത്തുന്നത്. ആശ ശരത്ത്, സിദ്ദിഖ്, സായ് കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്,അഞ്ജലി നായർ, ആദം അയൂബ്, അജിത് കൂത്താട്ടുകുളം എന്നിവരും ദൃശ്യം 2 വിൽ വേഷമിടുന്നു. കൊച്ചിയിലും തൊടുപുഴയിലുമായാണ് ചിത്രീകരണം.

Story highlights- drishyam 2 location photo