സംഗീത പ്രേമികൾക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങൾ സമ്മാനിച്ച് ആദിത്; ‘വൈൽഡ് ജിപ്സി’ മ്യൂസിക് ആൽബം ശ്രദ്ധേയമാകുന്നു

November 15, 2020

സംഗീതം എന്നത് വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമായ ഒന്നാണ്. പ്രായഭേദമില്ലാതെ പലരും ആസ്വദിക്കാറുമുണ്ട് സംഗീതം. പാട്ട് ജീവശ്വാസമായി കരുതുന്ന നിരവധി കലാകാരന്മാരെയും, കേൾവിക്കാർക്ക് ആസ്വാദനത്തിന്റ വേറിട്ട ഭാവങ്ങൾ സമ്മാനിക്കുന്ന നിരവധി പ്രതിഭകളെയുമൊക്കെ സമൂഹമാധ്യമങ്ങൾ പരിചയപ്പെടുത്താറുണ്ട്. ഇപ്പോഴിതാ സംഗീതാസ്വാദകർക്ക് വേണ്ടി വേറിട്ടൊരു ആവിഷ്കാരവുമായി എത്തുകയാണ് ആദിത് ആനന്ദ് എന്ന യുവപ്രതിഭ.

പതിമൂന്നാം വയസിൽ ആദ്യത്തെ മ്യൂസിക് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച യുവതാരം കഴിഞ്ഞ രണ്ടു വർഷക്കാലം കൊണ്ട് 17 -ലധികം ഗാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ‘വൈൽഡ് ജിപ്സി’ എന്ന പേരിലാണ് ആദിത്തിന്റെ ഗാനങ്ങൾ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടുന്നത്. ദൃശ്യമികവില്‍ വിസ്മയക്കാഴ്ചകളും ഒപ്പം സംഗീതോപകരണങ്ങളുടെ അകമ്പടിയുമായി എത്തുന്ന ഇലക്ട്രോണിക് മ്യൂസിക് ആൽബം പാട്ട് പ്രേമികളെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്കാണ് എത്തിക്കുന്നത്.

ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് വിഭാഗത്തിൽ ഒരുങ്ങിയിരിക്കുന്ന വീഡിയോകൾ ഇതിനോടകം നിരവധി ആസ്വാദകരെ നേടിയെടുത്തുകഴിഞ്ഞു. കാലത്തിന്റെ ഒഴുക്കിന് അനുസരിച്ച് സംഗീതപ്രേമികളുടെ അഭിരുചികളിലും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മെലോഡിയസ് ഗാനങ്ങള്‍ മാത്രം ചേക്കേറിയിരുന്ന ഹൃദയങ്ങളില്‍ ഫാസ്റ്റ് നമ്പറും ന്യൂജനറേഷന്‍ തട്ടുപൊളിപ്പന്‍ ഗാനങ്ങളുമെല്ലാം ഇടം നേടിത്തുടങ്ങിയിട്ട് കാലം കുറച്ചേറെയായി. ആസ്വാദകരിലധികവും ഇക്കാലത്ത് പുതുമകളെയാണ് ഇഷ്ടപ്പെടാറുള്ളതും. അതുകൊണ്ടുതന്നെ പാട്ട് പ്രേമികള്‍ക്ക് അത്ര സുപരിചിതമല്ലെങ്കിലും മികച്ച സംഗീത ആസ്വാദനം സമ്മാനിയ്ക്കുകയാണ് ആദിത് ആനന്ദിന്റെ മ്യൂസിക് വീഡിയോകൾ.

അതേസമയം ആദിത്തിന്റെതായി റിലീസിനൊരുങ്ങുന്ന പുതിയ ആൽബമാണ് ‘ബെറ്റർ ലൈഫ്’. അദിതി നായർ ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ തയാറാക്കിയിരിക്കുന്നതും അദിതിയാണ്.

Story Highlights: Aadith Anand Electronic Dance Music