19 (1)(എ) ചിത്രീകരണം ആരംഭിച്ചു; സ്വിച്ച് ഓൺ ചെയ്ത് റിമ, ആദ്യ ഷെഡ്യൂളിൽ നിത്യ മേനോനും

November 5, 2020

ഇന്ദ്രജിത്തിനും നിത്യ മേനോനുമൊപ്പം വിജയ് സേതുപതിയും എത്തുന്ന പുതിയ ചിത്രം ’ 19 (1)(എ)’ ചിത്രീകരണം ആരംഭിച്ചു. നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം റിമ കല്ലിങ്കൽ നിർവഹിച്ചു. ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സലിം അഹമ്മദിനോടൊപ്പം ആദാമിന്റെ മകൻ അബു, പത്തേമാരി തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച വ്യക്തിയാണ് ഇന്ദു വി എസ്.

ചിത്രത്തിൽ ഇന്ദ്രൻസും ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്ത സംഗീത സംവിധാനവും മനീഷ് മാധവൻ ഛായാഗ്രഹണവും നിർവഹിക്കുന്നു.നിലവിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന വിഷയമായിരിക്കും ചിത്രത്തിന്റേത് എന്നാണ് സൂചന. സോഷ്യൽ-പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

മാർക്കോണി മത്തായിക്ക് ശേഷം വിജയ് സേതുപതി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്. അതേസമയം വെള്ളിത്തിരയിൽ ഏറെ തിരക്കുള്ള വിജയ് സേതുപതിയും ഇന്ദ്രജിത്തും നിത്യ മേനോനും ഇന്ദ്രൻസും ഒന്നിക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും നോക്കികാണുന്നത്. നായകന്‍- നായിക സങ്കൽപ്പങ്ങളിൽ നിന്ന് പ്രമേയത്തിന് മുൻതൂക്കം നൽകിയാണ് ചിത്രം ഒരുക്കുന്നത്.നേരത്തെ പൃഥ്വിരാജ് സുകുമാരനും ദുൽഖർ സൽമാനും ചേർന്ന് പുറത്തിറക്കിയ സിനിമയുടെ പ്രമേയത്തെ ഉൾക്കൊള്ളുന്ന ടൈറ്റിൽ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Story Highlights: fim 19-1a shooting started