നാനിയുടെ നായികയായി നസ്രിയ തെലുങ്കിലേക്ക്

November 13, 2020

വിവാഹശേഷം നാലുവർഷത്തെ ഇടവേള കഴിഞ്ഞാണ് നസ്രിയ അഭിനയലോകത്തേക്ക് മടങ്ങിയെത്തിയത്. കൂടെ എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയായി എത്തിയ നസ്രിയ അടുത്തിടെ മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും എത്തിയിരുന്നു. രണ്ടാം വരവിൽ ഭാഷയുടെ അതിർവരമ്പുകൾ ഭേദിക്കുകയാണ് നസ്രിയ. നാനിയുടെ നായികയായി തെലുങ്കിലേക്ക് ചേക്കേറുകയാണ് പ്രിയനടി.

വിവേക് ​​ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നസ്രിയ നാനിയുടെ നായികയായി എത്തുന്നത്. മ്യൂസിക്കൽ റൊമാന്റിക് കോമഡി ചിത്രമായാണ് ഒരുങ്ങുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കുന്നതിനായി നവംബർ 21ന് ഒരു ‘കർട്ടൻ റെയ്‌സർ’ അണിയറപ്രവർത്തകർ പങ്കുവയ്ക്കും. നസ്രിയ തന്നെയാണ് പുതിയ ചിത്രത്തിന്റെ വിശേഷം പങ്കുവെച്ചത്. ‘എന്റെ അടുത്ത ചിത്രം.. ഇതെന്റെ ആദ്യത്തെ തെലുങ്ക് ചിത്രം കൂടിയാണ്. ഈ ടീമിനൊപ്പം പ്രവർത്തിക്കുന്നതിൽ വളരെയധികം ആവേശഭരിതയാണ്’ നസ്രിയ കുറിക്കുന്നു.

നാനിയെയും നസ്രിയയെയും ‘ഡ്രീം കോംബോ’ എന്ന് വിശേഷിപ്പിച്ചാണ് വിവേക് ​​ആത്രേയ ചിത്രം പ്രഖ്യാപിച്ചത്. ‘ഈ ദീപാവലിക്ക് ഞങ്ങളുടെ തെലുങ്ക് ചലച്ചിത്ര കുടുംബത്തിന് ഒരു പുതിയഅതിഥി ഉണ്ട്, നമുക്ക് നസ്രിയ ഫഹദിനെ സ്വാഗതം ചെയ്യാം’ എന്നാണ് വിവേക് ആത്രേയ കുറിച്ചിരിക്കുന്നത്.

Read More: ‘കൊവിഡ്, നിങ്ങൾക്ക് വീട്ടിലേക്ക് മടങ്ങാനുള്ള സമയമായി’- വാക്സിനെക്കുറിച്ച് കവിതയുമായി പൃഥ്വിരാജിന്റെ മകൾ അലംകൃത

ഷൂട്ടിംഗ് ഷെഡ്യൂളിന് പുറമെ ബാക്കി അഭിനേതാക്കളുടെയും ക്രൂവിന്റെയും കൂടുതൽ വിവരങ്ങൾ ഉടൻ പങ്കുവയ്ക്കും. സംവിധായകൻ ശിവ നിർവാണ, ഋതു വർമ്മ, ഐശ്വര്യ രാജേഷ് എന്നിവർക്കൊപ്പം നാനി ഇപ്പോൾ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ്.

Story highlights- Nani and Nazriya Nazim Fahadh team up for telugu movie