ജോർജുകുട്ടിയും കുടുംബവും ഹൃദയങ്ങൾ കീഴടക്കിയ ദിനം- ഏഴാം വാർഷിക നിറവിൽ ദൃശ്യം

December 19, 2020

ഏഴുവർഷങ്ങൾക്ക് മുൻപ് തൊടുപുഴയിലെ ജോർജുകുട്ടിയും കുടുംബവും പ്രേക്ഷക ഹൃദയം കീഴടക്കിയത് ഈ ദിവസമായിരുന്നു.. ഏഴാം വാർഷിക നിറവിലാണ് മലയാളത്തിലെ ആദ്യ നൂറുകോടി ചിത്രമായ ദൃശ്യം. 2013 ഡിസംബർ 19നായിരുന്നു മലയാളികളിലേക്ക് വേറിട്ടൊരു പ്രമേയവുമായി ദൃശ്യം എത്തിയത്. മോഹൻലാൽ, മീന, അൻസിബ ഹസൻ, എസ്തർ അനിൽ എന്നിവരായിരുന്നു ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.

ദൃശ്യം ഏഴുവർഷം പൂർത്തിയാകുമ്പോൾ രണ്ടാം ഭാഗവും റിലീസിന് ഒരുങ്ങുകയാണ്. കൊവിഡ് പ്രതിസന്ധിയിൽ നിയന്ത്രണങ്ങൾ പാലിച്ച് ദൃശ്യം 2 അടുത്തിടെയാണ് പൂർത്തിയാക്കിയത്. ആദ്യഭാഗത്തിലെ താരങ്ങൾ തന്നെയാണ് രണ്ടാം ഭാഗത്തിലും വേഷമിടുന്നത്. അതേസമയം, ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന അൻസിബ ഹസൻ ദൃശ്യത്തിന്റെ ഏഴാം വാർഷിക വിശേഷം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

 അതേസമയം, 56 ദിവസങ്ങളായിരുന്നു ചിത്രീകരണത്തിനായി നിശ്ചയിച്ചതെങ്കിലും 46 ദിവസംകൊണ്ട് ദൃശ്യം 2 പൂർത്തിയാക്കാൻ സാധിച്ചു. ഒരു കുടുംബ ചിത്രമായാണ് ആദ്യ ഭാഗത്ത് നിന്നും വ്യത്യസ്തമായി ദൃശ്യം 2 ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ തികച്ചും കുടുംബാന്തരീക്ഷത്തിലാണ് ചിത്രീകരണം നടക്കുന്നതും. ജോർജുകുട്ടിയും കുടുംബവും ആറു വർഷങ്ങൾക്ക് ശേഷം എന്ന കുറിപ്പിനൊപ്പം കഴിഞ്ഞ ദിവസം ജീത്തു ജോസഫ് പങ്കുവെച്ച ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.

Read More: 8 വിക്കറ്റ് വിജയവുമായി ഓസ്‌ട്രേലിയക്ക് അഡ്‌ലെയ്ഡിൽ മികച്ച തുടക്കം; ഇന്ത്യക്ക് ദയനീയ പരാജയം

ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി താരങ്ങളെല്ലാം കൊവിഡ് പരിശോധന പൂർത്തിയാക്കിയിരുന്നു. ജീത്തു ജോസഫ് തന്നെ രചനയും സംവിധാനവും നിർവഹിക്കുന്ന ദൃശ്യം 2 ഒന്നാം ഭാഗത്തിന്റെ തുടർച്ചയല്ല.  മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ എന്നിവരാണ് കുടുംബാംഗങ്ങളായി എത്തുന്നത്. ആശ ശരത്ത്, സിദ്ദിഖ്, സായ് കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്,അഞ്ജലി നായർ, ആദം അയൂബ്, അജിത് കൂത്താട്ടുകുളം എന്നിവരും ദൃശ്യം 2 വിൽ വേഷമിടുന്നു. കൊച്ചിയിലും തൊടുപുഴയിലുമായാണ് ചിത്രീകരണം നടന്നത്.

Story highlights- seven years of drishyam