‘ഹീറോയ്ക്ക് വീണ്ടും സ്വാഗതം’- വിജയ് സേതുപതിക്ക് ഹൃദ്യമായ സ്വീകരണം നൽകി വിഘ്‌നേഷ് ശിവൻ

December 15, 2020

വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രമാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’. സിനിമയുടെ പേരും പോസ്റ്ററും സൂചിപ്പിക്കുന്നതനുസരിച്ച് ഒരു ത്രികോണ പ്രണയ കഥയുമായാണ് ചിത്രമെത്തുന്നത്. ഹൈദരാബാദിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഇപ്പോഴിതാ, നായകനായി അഭിനയിക്കുന്ന വിജയ് സേതുപതിയെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ വിഘ്‌നേഷ് ശിവൻ.

വിജയ് സേതുപതിയും വിഘ്‌നേഷ് ശിവനും പരസ്പരം പൂച്ചെണ്ടുകൾ കൈമാറി ആലിംഗനം ചെയ്യുന്ന വീഡിയോയാണ് വിഘ്‌നേഷ് പങ്കുവെച്ചിരിക്കുന്നത്. ‘ഹീറോ എൻട്രിയും കുറച്ച് സ്നേഹ പ്രകടനവും. ഹീറോയ്ക്ക് തിരികെ സ്വാഗതം. നിങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നത് എപ്പോഴും സ്പെഷ്യലാണ് ..മുമ്പുള്ളതിനേക്കാൾ മികച്ചതാക്കാൻ ആഗ്രഹിക്കുന്നു’- വീഡിയോയ്ക്ക് ഒപ്പം വിഘ്‌നേഷ് ശിവൻ കുറിക്കുന്നു.

വിജയ് സേതുപതിയുടെ നായികമാരായി നയൻതാരയും സാമന്തയും എത്തുന്ന ചിത്രം കൂടിയാണിത്. വിജയ് സേതുപതിക്കൊപ്പം നയൻ‌താര ‘നാനും റൗഡി താൻ’, ‘സെയ്‌റ നരസിംഹ റെഡ്ഢി’ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സൂപ്പർ ഡ്യുലക്സ് എന്ന ചിത്രത്തിൽ സാമന്തയും വിജയ് സേതുപതിയും ഒന്നിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് 2020 ഏപ്രിലിൽ ആരംഭിക്കാനിരിക്കെയാണ് കൊവിഡ് പ്രതിസന്ധി ഉണ്ടായത്. വൈകിയെങ്കിലും ഷൂട്ടിംഗ് ആരംഭിച്ച സന്തോഷത്തിലാണ് അഭിനേതാക്കൾ.

ചിത്രത്തിന്റെ രചനയും സംവിധാനവും വിഘ്‌നേശ് ശിവൻ തന്നെയാണ്. സാമന്തയും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’.

അതേസമയം, നിഴൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ് നയൻ‌താര. നിരവധി ചിത്രങ്ങളിലാണ് നയൻ‌താര നായികയായി എത്തുന്നത്. ദർബാർ എന്ന ചിത്രത്തിൽ രജനികാന്തിനൊപ്പം ലില്ലി എന്ന കഥാപാത്രമായാണ് ഏറ്റവുമൊടുവിൽ നയൻ‌താര അഭിനയിച്ചത്. ‘നെട്രിക്കൺ’, മൂക്കുത്തി അമ്മൻ, അണ്ണാത്തെ തുടങ്ങിയ ചിത്രങ്ങളാണ് നയൻ‌താര നായികയായി വരാനിരിക്കുന്ന ചിത്രങ്ങൾ.

Read More: സത്താറായി അതിശയിപ്പിച്ച് കാളിദാസ് ജയറാം; മികച്ച സ്വീകാര്യത നേടി ‘തങ്കം’ ടീസർ

മായയ്ക്ക് ശേഷം അശ്വിൻ ശരൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സാമന്ത നായികയായി വേഷമിടുന്നത്. ഹൊറർ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ സംസാരിക്കാനാവാത്ത കാഥാപാത്രമായാണ് സാമന്ത വേഷമിടുന്നത് എന്നാണ് സൂചന.

Story highlights- Vignesh Shivan welcomes Vijay Sethupathi for Kaathuvaakula Rendu Kaadhal in Hyderabad