കൊറോണ വൈറസിന്റെ പുതിയ വകഭേദത്തില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടന

December 22, 2020
WHO about New Covid Variant in UK

നാളുകളായി കൊവിഡ് 19 എന്ന മഹാമാരിയുടെ പ്രതിസന്ധിയിലാണ് ലോകം. അടുത്തിടെ കൊറോണ വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ കൂടുതല്‍ ആശങ്കയിലായി പല രാജ്യങ്ങളും. എന്നാല്‍ ബ്രിട്ടനില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തില്‍ പുതിയ വകഭേദം നിയന്ത്രണാതീതമല്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയിലാണ് നടക്കുന്നതെന്നും ലോകാരോഗ്യ സംഘടനയുടെ അടിയന്തര വിഭാഗം മേധാവി മൈക്കല്‍ റയാന്‍ വ്യക്തമാക്കി. കൊവിഡ് രോഗ വ്യാപനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വൈറസ് വ്യാപനനിരക്ക് ഇതിലും അധികമാകുന്നത് നാം കാണുകയും അതിനെ നിയന്ത്രണവിധേയമാക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More: രജിഷ വിജയന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന സ്‌പോര്‍ട്‌സ് ചിത്രം: ‘ഖോ ഖോ’ ഒരുങ്ങുന്നു

അതേസമയം ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം പടരുന്ന സാഹചര്യത്തില്‍ വിവിധ രാജ്യങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ യുകെയില്‍ നിന്നും ഇന്ത്യയിലേയ്ക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഡിസംബര്‍ 31 വരെയാണ് വിമാന സര്‍വ്വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Story highlights: WHO about New Covid Variant in UK