അമ്പിളിയ്ക്ക് ശേഷം ജോൺ പോളിന്റെ സംവിധാനത്തിൽ പുതിയ ചിത്രം ഒരുങ്ങുന്നു; നായകനായി പൃഥ്വിരാജ്

January 1, 2021

ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങൾക്ക് ശേഷം പുതിയ ചിത്രവുമായി സംവിധായകൻ ജോൺ പോൾ ജോർജ് വരുന്നു. പൃഥ്വിരാജിനെ നായകനാക്കി ഒരുങ്ങുന്ന ചിത്രം ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് നിർമിക്കുന്നത്. അഞ്ചാം പാതിരാ, ലവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിക് ഉസ്മാൻ നിർമിക്കുന്ന ചിത്രം കൂടിയാണിത്. ജോൺ പോൾ തിരക്കഥയും തയാറാക്കുന്ന സിനിമയുടെ ചിത്രീകരണം ഈ വർഷം ആരംഭിച്ചേക്കും എന്നാണ് സൂചന.

സൗബിന്‍ സാഹിറിനെ കേന്ദ്ര കഥാപാത്രമാക്കി ജോൺ പോൾ ഒരുക്കിയ ചിത്രമാണ് ‘അമ്പിളി. അമ്പിളിയില്‍ ടൈറ്റില്‍ കഥാപാത്രമായാണ് സൗബിനെത്തുന്നത്. തന്‍വി റാം ആണ് ചിത്രത്തില്‍ നായികയായെത്തിയത്. ടൊവിനോ തോമസ് നായകനായെത്തിയ ‘ഗപ്പി’ എന്ന ചിത്രത്തിനു ശേഷം ജോണ്‍പോള്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് ‘അമ്പിളി’. ഗപ്പി എന്ന സിനിമയിലൂടെ പ്രേക്ഷക പ്രീതി നേടിയ സംവിധായകനാണ് ജോണ്‍ പോള്‍ ജോര്‍ജ്.

അതേസമയം പൃഥ്വിരാജിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. കോള്‍ഡ് കേസ് എന്ന ചിത്രമാണ് താരത്തിന്റേതായി ചിത്രീകരണം പൂർത്തിയായ ചിത്രം. എസിപി സത്യജിത് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്. തനു ബാലക്ക് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പൃഥ്വിരാജ് പൊലീസ് വേഷത്തിലെത്തുന്നു എന്നതുതന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും.

Read also:മലയാളികളുടെ പ്രിയതാരം കലാഭവൻ മണിക്കിന്ന് പിറന്നാൾ; ഹൃദയം കവർന്ന മാഷപ്പ് വീഡിയോ ഒരുക്കി ലിന്റോ കുര്യൻ

പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഒരുങ്ങുന്നു. ‘കുരുതി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനു വാര്യരാണ്. ‘കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോനനാണ് ഒരുക്കുന്നത്. ഷൈൻ ടോം ചാക്കോ, ശ്രിന്ദ, മുരളി ഗോപി, മാമുക്കോയ, റോഷൻ മാത്യു, നവാസ് വള്ളിക്കുന്ന്, മണിക്ഠന്‍ ആചാരി, നസ്‌‌ലന്‍, സാഗര്‍ സൂര്യ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘ജനഗണമന’ എന്ന സിനിമയാണ് പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. പൃഥ്വിരാജ് അഭിഭാഷകന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് ‘ജനഗണമന’. ‘ഡ്രൈവിംഗ് ലൈസൻസി’ന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 

ആടുജീവിതം, കാളിയൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജ് നായകനായി അണിയറയിൽ ഒരുങ്ങുന്നത്. സച്ചി സംവിധാനം ചെയ്യാനിരുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിലും പൃഥ്വിരാജാണ് പ്രധാന കഥാപാത്രമായെത്തുന്നത്. വിലായത്ത് ബുദ്ധ എന്ന ഇന്ദുഗോപന്റെ നോവലിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമയൊരുങ്ങുന്നത്. 

Story Highlights:John Paul next movie starring Prithviraj