ജോജു ജോർജ് നായകനാകുന്ന ‘പീസ്’ പുരോഗമിക്കുന്നു; മുഖ്യകഥാപാത്രമായി രമ്യ നമ്പീശനും

January 28, 2021
joju george new movie peace

ജോജു ജോര്‍ജിനെ പ്രധാന കഥാപാത്രമാക്കി സൻഫീർ കെ സംവിധാനം ചെയ്യുന്ന ചിത്രമാണ് പീസ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ചില ലൊക്കേഷന്‍ ചിത്രങ്ങളും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നുണ്ട്. ചിത്രത്തിനു വേണ്ടിയുള്ള ജോജുവിന്റെ മേക്കോവറും ശ്രദ്ധ നേടി. അടുത്തിടെ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തുന്ന ജോജുവിന്റെ ഫോട്ടോയും വൈറലായിരുന്നു.

ആക്ഷേപഹാസ്യരൂപേണ ഒരുക്കുന്ന ചിത്രം കാർലോസ് എന്ന ഡെലിവറി പാട്ണറുടെ ജീവിതം പ്രമേയമാക്കിയാണ് ഒരുക്കുന്നത്. ചിത്രത്തിൽ രമ്യ നമ്പീശനും മുഖ്യകഥാപാത്രമായി എത്തുന്നുണ്ട്. വൈറസ്, ലൂക്കാ ചുപ്പി എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് പീസ്. അനിൽ നെടുമങ്ങാട്, സിദ്ദിഖ്, ഷാലു റഹീം, വിജിലേഷ്, ആശ ശരത്, ലെന, അദിതി രവി എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

സൻഫീർ കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ സഫർ സനലും രമേഷ് ഗിരിജയും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ഷമീർ ജിബ്രാനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ജുബൈര്‍ മുഹമ്മദ് സംഗീതം ഒരുക്കുന്നു. നൗഫല്‍ അബ്ദുള്ളയാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

Read also:ഗ്രാമത്തിലൊരു റോഡെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇറങ്ങിത്തിരിച്ച ചോൻജോർ; പത്മശ്രീ നിറവിൽ 79-കാരൻ

ജൂനിയർ ആർട്ടിസ്റ്റായി വെള്ളിത്തിരയിലെത്തി വില്ലനായും ഹാസ്യകഥാപാത്രമായും തിളങ്ങി നായകനായി പ്രേക്ഷകരെ അതിശയിപ്പിച്ച നടനാണ് ജോജു ജോര്‍ജ്. ‘ജോസഫ്’ എന്ന ഒറ്റ ചിത്രം മതി പ്രേക്ഷകര്‍ക്ക് ജോജു ജോര്‍ജിനെ ഹൃദയത്തില്‍ അടയാളപ്പെടുത്താന്‍. ഒരുപിടി ചിത്രങ്ങളുമായി വെള്ളിത്തിരയിൽ തിരക്കുള്ള നടനായി മാറിക്കഴിഞ്ഞു ജോജു ജോർജ്.

Story Highlights:joju george new movie peace