കഥപറഞ്ഞ് കളിക്കൂട്ടുകാർ- ‘ഹൃദയം’ ലൊക്കേഷനിൽ പ്രണവും കല്യാണിയും

January 25, 2021

മോഹൻലാൽ- പ്രിയദർശൻ സിനിമകളുടെ മാജിക് മക്കളിലൂടെ ആവർത്തിക്കുമോ എന്നതിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ. ‘മരക്കാർ; അറബിക്കടലിന്റെ സിംഹം’, ഹൃദയം എന്നീ ചിത്രങ്ങളിൽ പ്രണവും കല്യാണിയും നായികാനായകന്മാരായി വേഷമിട്ടിട്ടുണ്ട്. മലയാള സിനിമാ പ്രേമികൾ ഏറെ കൊതിച്ച സിനിമാപ്രവേശമായിരുന്നു പ്രണവ് മോഹൻലാലിന്റേത്. പ്രിയതാരത്തിന്റെ മകൻ എന്നതിലുപരി ബാലതാരമായി വിസ്മയിപ്പിച്ച പ്രണവിന് ആരാധകർ ഏറെയാണ്. സിനിമയുടെ സാങ്കേതിക വശങ്ങളിൽ പ്രവർത്തിച്ചതിന് ശേഷമാണ് കല്യാണി അഭിനയ രംഗത്തേക്ക് എത്തിയത്. ചെറുപ്പം മുതൽ സുഹൃത്തുക്കളായ പ്രണവിന്റേയും കല്യാണിയുടെയും ഹൃദയം ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണിപ്പോൾ ശ്രദ്ധ നേടുന്നത്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. സിനിമയുടെ ലൊക്കേഷനിൽ ഇരുവരും സംസാരിച്ചിരിക്കുന്ന ചിത്രമാണ് ശ്രദ്ധനേടുന്നത്. അതേസമയം, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ഹൃദയം. മെറിലാൻഡ് സിനിമാസിന്റെയും ബിഗ് ബാംഗ് എന്റർടൈൻമെൻറ്സിന്റെയും ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. വിശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്.

Read More: ജലമായും അഗ്നിയായും അവർ വരുന്നു; റിലീസിനൊരുങ്ങി രാജമൗലി ചിത്രം ‘ആർആർആർ’

തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്. പ്രണവിന്റെ മൂന്നാമത്തെ ചിത്രവും കല്യാണിയുടെ രണ്ടാമത്തെ മലയാള ചിത്രവുമാണ് ഹൃദയത്തിലൂടെ വെള്ളിത്തിരയിൽ ഒരുങ്ങുന്നത്. അതേസമയം, മരക്കാർ; അറബിക്കടലിന്റെ സിംഹത്തിലും പ്രണവും കളയാനിയും വേഷമിട്ടിട്ടുണ്ട്. മോഹൻലാലിന്റേയും മഞ്ജു വാര്യരുടെയും കൗമാരകാലമാണ് ഇരുവരും ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നാണ് സൂചന.

Story highlights- kalyani and pranav photo