ഭാഗ്യം തുണയായി: നറുക്കെടുപ്പിൽ മലയാളിയെ തേടിയെത്തിയത് 40 കോടി രൂപ, സമൂഹവിവാഹം നടത്തുമെന്ന് യുവാവ്

January 4, 2021

അഞ്ചാമത്തെ തവണയും ബിഗ് ടിക്കറ്റിൽ ഒരു ഭാഗ്യപരീക്ഷണം നടത്താൻ ഇറങ്ങിയതാണ് കോഴിക്കോട് സ്വദേശിയായ എൻ വി അബ്ദുല്ലസ്സലാം. ഡിസംബർ 29 നാണ് ഓൺലൈനിലൂടെ അബ്ദുല്ലസ്സലാം 323601 എന്ന ടിക്കറ്റ് നമ്പർ തെരഞ്ഞെടുത്തത്. ഇപ്പോഴിതാ ബിഗ് ടിക്കറ്റിൽ 40 കോടിയോളം രൂപയുടെ ഭാഗ്യമാണ് ഈ മലയാളിയെ തേടിയെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് എടുത്ത ടിക്കറ്റിലൂടെയാണ് അബ്ദുല്ലസ്സലാമിനെത്തേടി ഭാഗ്യം എത്തിയത്.

ഇന്നലെ വൈകുന്നേരമാണ് നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പിന് ശേഷം വിജയിയെ ബന്ധപ്പെടാൻ അധികൃതർ ശ്രമിച്ചെങ്കിലും ഇതിന് കഴിഞ്ഞിരുന്നില്ല. അദ്ദേഹം നൽകിയ നമ്പറിൽ അധികൃതർ വിളിച്ചെങ്കിലും സ്വിച്ച്ഡ് ഓഫായിരുന്നു. തുടർന്ന് ഇ-മെയിലായി സന്ദേശം നൽകിയെങ്കിലും അതിനും മറുപടി ലഭിച്ചില്ല. തുടർന്ന് ടിക്കറ്റ് വിജയിയെ കണ്ടെത്താൻ മലയാളി സുഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു.

Read also:തണുത്തുറഞ്ഞ തടാകത്തിൽ അകപ്പെട്ട മാൻകുഞ്ഞിനെ അതിസാഹസികമായി രക്ഷിച്ച് യുവാവ്; ഹൃദ്യം ഈ വീഡിയോ

പിന്നീട് ഒമാനിലെ മസ്കത്തിൽ നിന്നും വിജയിയായ അബ്ദുല്ലസ്സലാമിനെ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ആറു വർഷക്കാലമായി മസ്കത്തിൽ സ്വന്തമായി കട നടത്തുകയാണ് അബ്ദുല്ലസ്സലാം. അതേസമയം സമ്മാനത്തുകയായി ലഭിച്ച പണം ഉപയോഗിച്ച് സമൂഹവിവാഹം നടത്താൻ ആഗ്രഹിക്കുന്നതായും അബ്ദുല്ലസ്സലാം അറിയിച്ചു. അതിന് പുറമെ മക്കളുടെ പഠനത്തിനായും ഈ പണം ചിലവഴിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Story Highlights: Malayali wins dh20 million big ticket jackpot draw