നിറചിരിയുമായി താരരാജാക്കന്മാര്‍ ഒരു ഫ്രെയിമില്‍; ‘ഇച്ചാക്കയ്‌ക്കൊപ്പ’മുള്ള ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍

January 8, 2021
Mohanlal and Mammootty in One Frame

മലയാള ചലച്ചിത്രലോകത്ത് പകരം വയ്ക്കാനില്ലാത്ത അഭിനയ വിസ്മയങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. സമൂഹമാധ്യമങ്ങളില്‍ സജീവമായ ഇരുവരും സിനിമാ വിശേഷങ്ങള്‍ക്കൊപ്പം സൗഹൃദ നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ഇരുവരും ഒരുമിച്ചെത്തിയ ഒരു ഫോട്ടോയും

ഇച്ചാക്കയ്‌ക്കൊപ്പം എന്ന ക്യാപ്ഷനോടെ മോഹന്‍ലാലാണ് മനോഹരമായ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. അതേസമയം ചിത്രം വൈറലായതോടെ ഇരുവരും ഒരുമിച്ചെത്തുന്ന പുതിയ ചിത്രം ഉണ്ടാകുമോ എന്ന സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട് സൈബര്‍ ഇടങ്ങളില്‍.

മമ്മൂട്ടിയുടേതും മോഹന്‍ലാലിന്റേതുമായി നിരവധി ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മോഹന്‍ലാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ഒരു ചിത്രമാണ് ആറാട്ട്. ബി ഉണ്ണിഷ്ണനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഉദയ് കൃഷ്ണയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിലും.

മമ്മൂട്ടി പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് ദ് പ്രീസ്റ്റ്. മഞ്ജു വാര്യരും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു. മമ്മൂട്ടിയും മഞ്ജു വാര്യരും ഒരുമിച്ചെത്തുന്ന ആദ്യ ചിത്രം കൂടിയാണ് ദ് പ്രീസ്റ്റ്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഒരു ക്രൈം ത്രില്ലറാണ് ഈ ചിത്രം. ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്‍, വി എന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

Story highlights: Mohanlal and Mammootty in One Frame