ടി20 റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്ന് കെ എല്‍ രാഹുല്‍

ICC T20 Rankings- KL Rahul Gains One Spot To Reach Second

ഐസിസി പുറത്തുവിട്ട ടി20 റാങ്കിങ്ങിലെ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ കെ എല്‍ രാഹുല്‍ രണ്ടാം സ്ഥാനത്തെത്തി. 816 പോയിന്റുകളുമായാണ് താരം രണ്ടാമതെത്തിയത്. 915 പോയിന്റുകളുള്ള ഇംഗ്ലീഷ് താരം ഡേവിഡ് മലനാണ് ഐസിസിയുടെ ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്.

അതേസമയം ഇന്ത്യന്‍ നായകന്‍ വിരാട് കോലി എഴാം സ്ഥാനം നിലനിര്‍ത്തി. ഐസിസിയുടെ ടി20 റാങ്കിങ്ങില്‍ 697 പോയിന്റുകളാണ് വിരാട് കോലിയ്ക്കുള്ളത്. 808 പോയിന്റുകളുമായി ഓസ്‌ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ച് ആണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. പാകിസ്താന്‍ താരമായ ബാബര്‍ അസാം 801 പോയിന്റുകളുമായി നാലാം സ്ഥാനത്തുണ്ട്.

Read more: ‘ഇഷ്ടനടന്‍ മമ്മൂട്ടിയോ മോഹന്‍ലാലോ എന്ന് ചോദ്യം’; ‘സെയ്ഫ്’ ആയിട്ട് മറുപടി നല്‍കി ഗിന്നസ് പക്രു; ഒപ്പം ഒരു പാട്ടും

അതേസമയം ടി20 മെന്‍സ് ബാറ്റിങ്ങ് റാങ്കില്‍ ആദ്യ പത്തില്‍ ഇടം നേടിയ ഇന്ത്യന്‍ താരങ്ങള്‍ കെ എല്‍ രാഹുലും വിരാട് കോലിയും മാത്രമാണ്. ഐസിസി പുറത്തുവിട്ട ബൗളര്‍മാരുടേയും ഓള്‍റൗണ്ടര്‍മാരുടേയും പട്ടികയില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ആരുംതന്നെ ഇടം നേടിയിട്ടില്ല.

ബൗളര്‍മാരുടെ പട്ടികയില്‍ 736 പോയിന്റുകളുമായി അഫ്ഘാനിസ്താന്‍ താരം റാഷിദ് ഖാനാണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കന്‍ താരം തബ്രോസ് ഷംസി 733 പോയിന്റുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. 730 പോയിന്റുകളുള്ള അഫ്ഘാനിസ്താന്‍ താരം മുജീബുര്‍ റഹ്‌മാന്‍ ആണ് ബൗളര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.

294 പോയിന്റുകളുള്ള അഫ്ഘാനിസ്താന്‍ താരം മുഹമ്മദ് നബിയാണ് ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്ത് ബംഗ്ലാദേശ് താരം ഷാക്കിബുല്‍ ഹസന്‍ ആണ്. 225 പോയിന്റുകളുള്ള ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്വെല്ലാണ് മൂന്നാം സ്ഥാനത്ത്.

Story highlights: ICC T20 Rankings- KL Rahul Gains One Spot To Reach Second