ഷൂട്ടിങ്ങിനിടെയുള്ള ശക്തമായ വീഴ്ച; കാര്യമാക്കാതെ ചിത്രീകരണം തുടർന്ന് പ്രിയ വാര്യർ- വീഡിയോ

February 25, 2021

ഒറ്റരാത്രികൊണ്ട് രാജ്യമെമ്പാടും ആരാധകരെ സമ്പാദിച്ച താരമാണ്‌ പ്രിയ വാര്യർ. മലയാളത്തിനേക്കാൾ മറ്റുഭാഷകളിലാണ് പ്രിയ വാര്യർക്ക് സ്വീകാര്യത ലഭിച്ചത്. ആദ്യ മലയാള ചിത്രത്തിന് ശേഷം ബോളിവുഡിലേക്ക് ചേക്കേറിയ നടി കന്നടയിലും തെലുങ്കിലും സാന്നിധ്യമറിയിച്ചു. തെലുങ്കിൽ ചെക്ക് എന്ന ചിത്രത്തിലൂടെയാണ് പ്രിയ അരങ്ങേറ്റം കുറിച്ചത്.

നിധിൻ, രാകുൽ പ്രീത് സിംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. നിധിന്റെ നായികാവേഷമാണ് ചെക്കിൽ പ്രിയ വാര്യർക്ക്. ഇപ്പോഴിതാ, ഷൂട്ടിംഗ് ലൊക്കേഷൻ നിന്നുള്ള ഒരു വീഡിയോ പങ്കുവയ്ക്കുകയാണ് പ്രിയ വാര്യർ. ചിത്രീകരണത്തിനിടെ നിധിന്റെ തോളിലേക്ക് ചാടി കയറുന്നതിനിടെ വീഴുന്ന വീഡിയോയാണ് പ്രിയ വാര്യർ പങ്കുവെച്ചത്. വീഴ്ചയിൽ നല്ല രീതിയിൽ പരിക്ക് പറ്റിയതായി തോന്നുമെങ്കിലും, അടുത്ത നിമിഷം എഴുന്നേറ്റ് ഷൂട്ടിംഗ് തുടരാം എന്ന് പറയുന്ന പ്രിയയെ വീഡിയോയിൽ കാണാം.

Read More: ജോർജുകുട്ടിയെ കുടുക്കാൻ മമ്മൂട്ടി- ശ്രദ്ധനേടി ക്രോസ്സ് ഓവർ ട്രെയ്‌ലർ

അതേസമയം, ഹിറ്റ് ചിത്രമായ ഇഷ്‌കിന്റെ തെലുങ്ക് പതിപ്പിൽ നായികയായി എത്തുന്നത് നടി പ്രിയ വാര്യരാണ്. പ്രിയയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്. ‘ഇഷ്‌ക്- നോട്ട് എ ലൗ സ്റ്റോറി’ എന്ന പേരിൽ തന്നെയാണ് തെലുങ്കിലും ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ തേജ സജ്ജയാണ് നായകൻ. വി കെ പ്രകാശ് സംവിധാനം ചെയ്ത ‘വിഷ്ണുപ്രിയ’ എന്ന ചിത്രത്തിലാണ് പ്രിയ വാര്യർ ഏറ്റവുമൊടുവിൽ അഭിനയിച്ചത്. പ്രിയയുടെ ആദ്യ കന്നഡ ചിത്രം കൂടിയാണ് ‘വിഷ്ണുപ്രിയ’. മലയാളത്തിൽ അനൂപ് മേനോനെയും പ്രിയാ വാര്യരെയും കഥാപാത്രങ്ങളാക്കി വി കെ പ്രകാശ് ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ഒരു നാൽപതുകാരന്റെ ഇരുപത്തൊന്നുകാരി’. ബോളിവുഡിലും രണ്ടു ചിത്രങ്ങളിലാണ് പ്രിയ വേഷമിട്ടിരിക്കുന്നത്.

Story Highlights- priya varrier fell down