ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ പ്രിയയുടെ ‘പൊട്ട്’ ഇന്നും ഓര്‍മയില്‍, അങ്ങനെ പ്രിയ ചാക്കോച്ചന്റെ പ്രിയതമയായി: ആ പ്രണയകഥ

March 16, 2021
Kunchacko Boban shares his love story

മലയാളസിനിമയ്ക്ക് എക്കാലത്തും പ്രിയപ്പെട്ട പ്രണയനായകനാണ് കുഞ്ചാക്കോ ബോബന്‍. താരത്തിന്റെ സിനിമാ വിശേഷങ്ങള്‍ക്കൊപ്പം തന്നെ പലപ്പോഴും കുടുംബ വിശേഷങ്ങളും ചലച്ചിത്ര ആസ്വാദകരില്‍ ശ്രദ്ധ നേടാറുണ്ട്. പ്രണയവിവാഹമായിരുന്നു കുഞ്ചാക്കോ ബോബന്റേത്. ഭാര്യ പ്രിയ സാമുവല്‍. ഇക്കഴിഞ്ഞ പ്രണയദിനത്തിലും കുഞ്ചാക്കോ ബോബന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രിയയ്ക്ക് എഴുതിയ പ്രണയലേഖനങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും പ്രണയകഥ താരം പങ്കുവെച്ചു.

ആദ്യമായി പ്രിയയെ കണ്ട നിമിഷത്തെക്കുറിച്ച് ‘അത് ഒരു ഫാന്‍ മൊമന്റ്’ എന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. നക്ഷത്രതാരാട്ട് എന്ന സിനിമ ചെയ്യുന്ന സമയം. തിരുവനന്തപുരത്തെ പങ്കജ് ഹോട്ടലിലായിരുന്നു അന്ന് കുഞ്ചാക്കോ ബോബന്‍. സെല്‍ഫി, ഫോണ്‍ തുടങ്ങിയ പരിപാടികളൊന്നുമില്ലാത്ത കാലം. മാര്‍ ഇവാനിയോസ് കോളജിലെ കുട്ടികള്‍ ഓട്ടോഗ്രാഫിനായി കുഞ്ചാക്കോ ബോബനെ കാണാനെത്തി. താരം എല്ലാവര്‍ക്കും ഓട്ടോഗ്രാഫ് നല്‍കി. അതിനിടെ പെണ്‍കുട്ടികളില്‍ ഒരാളുടെ കണ്ണില്‍ മാത്രം കുഞ്ചാക്കോ ബോബന്റെ കണ്ണുടക്കി. പാമ്പിന്റെ സ്റ്റൈലിലുള്ള ഒരു പൊട്ടായിരുന്നു അന്ന് പ്രിയയുടെ നെറ്റിയില്‍ എന്ന് കുഞ്ചാക്കോ ബോബന്‍ ഇന്നും ഓര്‍ക്കുന്നു.

Read more: നവരസത്തെ കടത്തിവെട്ടി മിയയുടെ രസഭാവങ്ങള്‍; വിട്ടുകൊടുക്കാതെ ബിനു അടിമാലിയും

ചലച്ചിത്ര നിര്‍മാതാവായ ഗാന്ധിമതി ബാലന്റെ മകള്‍ പ്രിയയുടെ സുഹൃത്താണ്. അങ്ങനെ നമ്പര്‍ കിട്ടി. പിന്നെ സൗഹൃദമായി. പ്രിയ അക്കാലത്ത് പ്രീഡിഗ്രിയ്ക്ക് പഠിക്കുകയായിരുന്നു. വേറെ ആരേയും പ്രണയിക്കാന്‍ സമയം കൊടുത്തില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. പ്രിയയ്ക്ക് എഞ്ചിനിയറിങ്ങ് പഠിക്കണമെന്നുണ്ടായിരുന്നു. പഠനം കഴിയുന്നതുവരെ താന്‍ കാത്തിരുന്നുവെന്നും അതിനുശേഷമായിരുന്നു വിവാഹം എന്നും താരം കൂട്ടിച്ചേര്‍ത്തു. 2005-ലായിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടേയും വിവാഹം.

1981 ല്‍ ഫാസില്‍ സംവിധാനം നിര്‍വഹിച്ച ധന്യ എന്ന ചിത്രത്തില്‍ ബാലാതാരമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. നക്ഷത്രതാരാട്ട്, നിറം, പ്രിയം, ദോസ്ത്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കസ്തൂരിമാന്‍, സ്വപ്നക്കൂട്, ഈ സ്നേഹതീരത്ത്, ലോലിപ്പോപ്പ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, ഓര്‍ഡിനറി, മല്ലുസിങ്, ട്രാഫിക്, സീനിയേഴ്സ്, സെവന്‍സ്, ഡോക്ടര്‍ ലൗ, റോമന്‍സ്, രാമന്റെ ഏദന്‍തോട്ടം, തട്ടുംപുറത്ത് അച്യുതന്‍, അള്ള് രാമേന്ദ്രന്‍, വൈറസ്, അഞ്ചാംപാതിര തുടങ്ങി നിരവധി സിനിമകളില്‍ തിളങ്ങിയ താരമാണ് കുഞ്ചാക്കോ ബോബന്‍. താരത്തിന്റേതായി നിരവധി ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Story highlights: Kunchacko Boban shares his love story