തിരമാലകള്‍ തട്ടുമ്പോള്‍ ഉയരുന്നത് മനോഹര സംഗീതം; അറിയാം കടലിനോട് ചേര്‍ന്നുകിടക്കുന്ന ആ ‘ഭീമന്‍ പിയാനോ’യെക്കുറിച്ച്

April 28, 2021
The story of Zadar Sea Organ

ചില നിര്‍മിതികള്‍ പലപ്പോഴും നമ്മെ അതിശയിപ്പിക്കാറുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ തയാറാക്കിയതാണെങ്കിലും കാണാനെത്തുന്നവര്‍ക്ക് വിസ്മയങ്ങള്‍ സമ്മാനിക്കുന്ന ഒരു നിര്‍മിതിയാണ് മോര്‍സ്‌കെ ഓര്‍ഗുള്‍ജെ’. തിരമാലകള്‍ തട്ടുമ്പോള്‍ മനോഹരമായി സംഗീതമൊഴുകുന്ന ഒരു സംഗീതോപകരണമാണ് ഇത് എന്ന് പറയാം.

ക്രൊയേഷ്യയിലെ സാദറിലാണ് അല്‍പം വ്യത്യസ്തമായ ഈ സംഗീതോപകരണം സ്ഥിതി ചെയ്യുന്നത്. അതും കടലിനോട് ചേര്‍ന്ന്. ആദ്യ കാഴ്ചയില്‍ കടലിന്റെ സമീപത്തായി നിര്‍മിച്ചിരിക്കുന്ന മാര്‍ബിള്‍ പടികള്‍ മാത്രമാണ് ഇതെന്നാണ് തോന്നുക. എന്നാല്‍ അല്‍പസമയം ഇവിടെ നിന്നാല്‍ കാതിന് ഇമ്പമേകുന്ന പ്രകൃതിദത്തമായ സംഗീതം ആസ്വദിക്കാം. അതായത് തിരമാലകള്‍ ഈ മാര്‍ബിള്‍ പടികളില്‍ തട്ടുമ്പോള്‍ ഉയരുന്ന സുന്ദര സംഗീതം.

Read more: ഒപ്പന ചേലില്‍ മകള്‍ പാടിയപ്പോള്‍ മണവാളനായി അച്ഛനും മണവാട്ടിയായി അമ്മയും: മനസ്സുനിറയ്ക്കും ഈ സ്‌നേഹക്കാഴ്ച

പിയാനോയൊന്നും അല്ലെങ്കിലും ഈ കടല്‍ത്തീരത്ത് അല്‍പനേരം നിന്നുകഴിയുമ്പോള്‍ പിയാനോയില്‍ നിന്നുയരുന്നതു പോലെയുള്ള സംഗീതം കേള്‍ക്കാം. അതുകൊണ്ടുതന്നെയാണ് അപൂര്‍വമായ ഈ സംഗീതോപകരണത്തെ ഭീമന്‍ പിയാനോ എന്ന് പലരും വിശേഷിപ്പിക്കുന്നതും. ആര്‍ക്കിടെക്ടായ നിക്കോള ബാസിക് ആണ് ഈ ഭീമന്‍ പിയാനോയുടെ നിര്‍മാണത്തിന് പിന്നില്‍. 2005-ലാണ് ഇവിടം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്. ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് കണ്ണിനും കാതിനും കുളിരേകുന്ന അത്ഭുതക്കാഴ്ചയുടെ അനുഭവങ്ങളാണ് ലഭിക്കുന്നതും.

മാര്‍ബിള്‍ പടികള്‍ക്കിടയില്‍ ദ്വാരങ്ങളിട്ടാണ് ഈ ഭീമന്‍ പിയാനോ നിര്‍മിച്ചിരിക്കുന്നത്. പ്രത്യേക പോളിയെത്തലീന്‍ പൈപ്പുകളും ഏഴ് വിസിലുകളും നല്‍കിയിരിക്കുന്നു. തിരയിളകുമ്പോഴുണ്ടാകുന്ന കാറ്റ് ദ്വാരങ്ങളില്‍ പ്രവേശിക്കുമ്പോഴാണ് സംഗീതമുണ്ടാകുന്നത്. ഇവിടെ നിന്നും ഉയരുന്ന സംഗീതത്തിന് തിമിംഗലങ്ങളുടെ ശബ്ദവുമായി ബന്ധമുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഏകദേശം 70 മീറ്റര്‍ നീളമുണ്ട് ഈ ഭീമന്‍ സംഗീതോപകരണത്തിന്.

Story highlights: The story of Zadar Sea Organ