കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നലും: ജാഗ്രതാ നിർദ്ദേശം

May 10, 2021
Awareness about lightning

സംസ്ഥാനത്ത് ഇപ്പോൾ ലഭിക്കുന്ന മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ കനത്ത ജാഗ്രതാ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. പൊതുജനങ്ങൾ കാർമേഘം കണ്ടുതുടങ്ങിയാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

ഉച്ചയ്ക്ക് രണ്ടു മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്താണ് ഇടിമിന്നലിന് സാധ്യത. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

പൊതു നിര്‍ദേശങ്ങള്‍

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. മഴക്കാര്‍ കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തക്കോ ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 10 മണി വരെയുള്ള സമയത്ത് പോകരുത്. ജനലും വാതിലും അടച്ചിടുക. ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. ഫോണ്‍ ഉപയോഗിക്കരുത്. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനത്തിനുള്ളില്‍ ആണങ്കില്‍ തുറസ്സായ സ്ഥലത്ത് നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം. ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല. പട്ടം പറത്തുവാന്‍ പാടില്ല.

Read also:ജീവിതം ആഘോഷമാക്കി 83 ആം വയസിൽ തനിച്ച് ലോകം ചുറ്റാനിറങ്ങിയ മുത്തശ്ശി

വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം. മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്റ് സുരക്ഷക്കായിട്ടുള്ള സുവര്‍ണ്ണ നിമിഷങ്ങളാണ്. വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്.

കഴിഞ്ഞ ഞായറാഴ്ച ഇടിമിന്നലിനെ തുടർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.

Story Highlights: lightning-strikes