‘എന്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികള്‍ കുറിയ്ക്കുമ്പോള്‍ ഓര്‍മകള്‍ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു മാറ്റുന്നതുപോലെ’; ഉള്ളുതൊടുന്ന വാക്കുകളുമായി മോഹന്‍ലാല്‍

May 11, 2021
Mohanlal's heat touching words about Dennis Joseph

കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട് ഒഴുകിയകലാത്ത സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ഓര്‍മകള്‍ ബാക്കിവെച്ചാണ് ഡെന്നീസ് ജോസഫ് എന്ന തിരക്കഥാകൃത്ത് യാത്രയായത്. മലയാള ചലച്ചിത്രലോകത്തിന് നികത്താനാവാത്തതാണ് അദ്ദേഹത്തിന്റെ വിയോഗം. രാജാവിന്റെ മകന്‍, നിറക്കൂട്ട്, ന്യൂഡല്‍ഹി, നായര്‍സാബ്, നമ്പര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്‍… അങ്ങനെ എത്രയെത്ര ഹിറ്റുകളാണ് അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്നത്. അദ്ദേഹം എഴുതിയ തിരക്കഥകളെല്ലാം ഹിറ്റുകളായി മാറുകയായിരുന്നു ചലച്ചിത്ര ആസ്വാദകരുടെ ഹൃദയങ്ങളില്‍.

ഡെന്നീസ് ജോസഫിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ട് നിരവധിപ്പേരാണ് രംഗത്തെത്തുന്നത്. സമൂഹമാധ്യമങ്ങളിലും അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ നിറയുന്നു. ശ്രദ്ധ നേടുകയാണ് മോഹന്‍ലാല്‍ പങ്കുവെച്ച അനുശോചനകുറിപ്പ്

മോഹന്‍ലാലിന്റെ വാക്കുകള്‍

എന്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികള്‍ കുറിയ്ക്കുമ്പോള്‍ ഓര്‍മകള്‍ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു മാറ്റുന്നതുപോലെയാണ് തോന്നുന്നത്. തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ്. ആ രാജാവിന്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈ ഞാനും. സൗമ്യമായ പുഞ്ചിരിയില്‍ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്‌നേഹമായിരുന്നു ഡെന്നീസ്. വെള്ളിത്തിരകളെ ത്രസിപ്പിക്കുന്ന എത്രയെത്ര ചടുലന്‍ കഥകള്‍, വികാര വിക്ഷോഭങ്ങളുടെ തിരകള്‍ ഇളകിമറിയുന്ന സന്ദര്‍ഭങ്ങള്‍, രൗദ്രത്തിന്റെ തീയും പ്രണയത്തിന്റെ മധുരവും വേദനയുടെ കണ്ണീരുപ്പും നിറഞ്ഞ സംഭാഷണങ്ങള്‍. ആര്‍ദ്രബന്ധങ്ങളുടെ കഥകള്‍ തൊട്ട് അധോലോകങ്ങളുടെ കുടിപ്പകകള്‍ വരെ മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യ പ്രതിഭ. എത്ര പറഞ്ഞാലും തീരില്ല ഡെന്നീസുമായുള്ള ആത്മബന്ധം. അതുകൊണ്ടുതന്നെ പാതിപറഞ്ഞ് നിര്‍ത്തുന്നു, ഇടറുന്ന വിരലുകളോടെ…
പ്രണാമം ഡെന്നീസ്.

Story highlights: Mohanlal’s heat touching words about Dennis Joseph