നായാട്ടില്‍ ജോജു അവതരിപ്പിച്ച കഥാപാത്രത്തെ പ്രശംസിച്ച് ബോളിവുഡ് താരം

May 14, 2021
Rajkummar Rao praise Joju George on his performance in Nayattu

നായാട്ട് എന്ന ചിത്രത്തില്‍ ജോജു ജോര്‍ജ് അവിസ്മരണീയമാക്കിയ കഥാപാത്രത്തെ പ്രശംസിച്ച് ബോളിവുഡ് താരം രാജ്കുമാര്‍ റാവു. ചിത്രത്തില്‍ അതിഗംഭീരമായ പ്രകടനമാണ് ജോജു കാഴ്ചവെച്ചത് എന്നും അഭിനയമികവിലൂടെ ഇനിയം പ്രചോദനമാകണമെന്നുമായിരുന്നു രാജ്കുമാര്‍ റാവുവിന്റെ സന്ദേശം. നായാട്ട് എന്ന ചിത്രത്തേയും താരം പ്രശംസിച്ചു.

താരത്തിന്റെ അഭിനന്ദന സന്ദേശം ജോജു ജോര്‍ജ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ‘എന്ത് പറയണമെന്ന് അറിയില്ല. ഉള്ളുതൊടുന്ന വാക്കുകള്‍. ഇതിനേക്കാള്‍ വലിയ സന്തോഷം വേറെയെന്തുണ്ട്. പ്രിയപ്പെട്ട നടനില്‍ നിന്നും ലഭിക്കുന്ന ഈ അഭിനന്ദനം വലിയ അംഗീകാരമാണ്’ എന്നും ജോജു ജോര്‍ജ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. പൊലീസ് ഉദ്യോഗസ്ഥനായ മണിയന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജോജു ജോര്‍ജ് അവതരിപ്പിച്ചിരിക്കുന്നത്.

Read more: കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കി തല അജിത്

കുഞ്ചാക്കോ ബോബനും നിമിഷ സജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. അതിഗംഭീര പ്രകടനങ്ങള്‍ തന്നെയാണ് താരങ്ങള്‍ കാഴ്ചവയ്ക്കുന്നതും. മാര്‍ട്ടിന്‍ പ്രക്കാട്ട് ആണ് ചിത്രത്തിന്റെ സംവിധാനം. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനി, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിം എന്നീ ബാനറുകള്‍ ചേര്‍ന്നാണ് നിര്‍മാണം. രഞ്ജിത്, പിഎം ശശിധരന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവരാണ് നിര്‍മാതാക്കള്‍. ഷാഹി കബീര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Story highlights: Rajkummar Rao praise Joju George on his performance in Nayattu