സോഷ്യൽ മീഡിയ വഴി ഒരേമുഖമുള്ള അപരയെ കണ്ടെത്തി; നേരിട്ട് കണ്ടപ്പോൾ അമ്പരപ്പിക്കുന്ന ട്വിസ്റ്റ്

May 12, 2021

സമൂഹമാധ്യമങ്ങൾ ചിരിപടർത്തുന്നതും കണ്ണ് നിറയ്ക്കുന്നതുമായ ഒട്ടേറെ കാഴ്ചകളുടെയും അനുഭവങ്ങളുടെയും കലവറയാണ്. പല വിസ്മയകരമായ സംഭവങ്ങളിലേക്കും സോഷ്യൽ മീഡിയ സാക്ഷ്യം വഹിക്കാറുണ്ട്. അത്തരത്തിലൊരു കൗതുകകരമായ വിശേഷമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.


ചൈനീസ് പ്രവിശ്യയായ ഹെനാനിലെ ഷെങ്‌ഷൗ നഗരത്തിൽ നിന്നുള്ള ചെംഗ് കെകെയും ഴാങ് ലിയും പരസ്പരം കണ്ടുമുട്ടിയത് സമൂഹമാധ്യമങ്ങളിലൂടെയാണ്. ചൈനീസ് സോഷ്യൽ മീഡിയ സൈറ്റിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പരസ്പരമുള്ള അസാധാരണമായ സാമ്യമാണ് ഇരുവരെയും പരിചയത്തിലാക്കിയത്. മാത്രമല്ല, ഇവർ അടുത്ത സുഹൃത്തുക്കളുമായി മാറി.

പിന്നീടാണ് രണ്ടുപേർക്കും ഒരേ രീതിയിലുള്ള ശീലങ്ങളും ഇഷ്ട്ടങ്ങളുമൊക്കെയുണ്ടെന്ന് മനസിലാക്കിയത്. അതോടൊപ്പം, ഒരേ രക്ത ഗ്രൂപ്പും. ഇതോടെ രണ്ടുപേരും നേരിൽ കാണാൻ തീരുമാനിച്ചു. നേരിൽ കണ്ടതോടെ അമ്പരപ്പ് അത്ഭുതമായി മാറി. രൂപം മാത്രമല്ല ശബ്ദവും ഒന്നുതന്നെ. നേരിൽ കാണുമ്പോൾ കണ്ണാടിയിൽ നോക്കുന്നതുപോലെ എന്നാണ് അവർ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചതും.

Read More: നായാട്ട് പ്രേക്ഷകരിലേക്കെത്തുമ്പോൾ; കൈയടിനേടി സംവിധാന മികവ്, വീഡിയോ

പിന്നീടാണ് സംഭവബഹുലമായ ട്വിസ്റ്റ്. ചെംഗ് ഈ സാമ്യത്തിന്‌ പിന്നിലെ കൗതുകം അന്വേഷിച്ചിറങ്ങി. ഒടുവിൽ ചെങ്ങിന്റെ കുടുംബാംഗങ്ങൾ ദത്തെടുത്തതാണ് എന്ന് സമ്മതിച്ചു. ഴാങിന്റെ അമ്മയും ഇരട്ടകളിൽ ഒരാളെ ദത്തുനൽകിയെന്നും ഇരുവരെയും വളർത്താൻ സാഹചര്യം അനുവദിച്ചില്ലെന്നും സമ്മതിച്ചു. അതോടെ ഇരുവരും ഇരട്ടകളാണ് എന്ന് ഉറപ്പായി. എന്നാൽ ഴാങ്ങിന്റെ കുടുംബം ഒരു ഡിഎൻഎ ടെസ്റ്റിലൂടെ മാത്രമേ ചെങ്ങിനെ അംഗീകരിക്കാൻ തയ്യാറായുള്ളു. ഡി എൻ എ ടെസ്റ്റിലും ഇവർ സഹോദരിമാരാണെന്ന് തെളിഞ്ഞതോടെ ലോകം ഇവരുടെ കൗതുകകരമായ ജീവിതം ഏറ്റെടുത്തിരിക്കുകയാണ്.

Story highlights- Woman finds her twin sister from social media