കൊവിഡ് ബാധിതർക്ക് സഹായഹസ്തവുമായി മമ്മൂട്ടി; നന്ദി പറഞ്ഞ് ഹൈബി ഈഡൻ

June 6, 2021
Mammootty Helps Covid patients

അഭിനയത്തിന് പുറമെ സാമൂഹ്യപ്രവർത്തനത്തിലും മുന്നിട്ട് നിൽക്കുന്ന ചലച്ചിത്രതാരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. നിരവധിപ്പേരാണ് കൊറോണ വൈറസ് ബാധിച്ച് ദുരിതമനുഭവയ്ക്കുന്നത്. ദുരിതബാധിതർക്ക് സഹായഹസ്തവുമായി നിരവധിപേർ എത്തുന്നുണ്ട്. ഇപ്പോഴിതാ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി എത്തുകയാണ് ചലച്ചിത്രതാരം മമ്മൂട്ടിയും. കൊവിഡ് ബാധിതർക്ക് ആവശ്യമായ വൈറ്റമിൻ മരുന്നുകളും പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പൾസ് ഓക്സീമീറ്ററുകളും സാനിറ്റൈസറുകളും ഉൾപ്പെടെയുള്ളവയാണ് മമ്മൂട്ടി സഹായമായി നൽകിയത്.

ഹൈബി ഈഡൻ എംപിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന മരുന്ന് വിതരണത്തിന് ഒരു കൈത്താങ്ങ് എന്ന രീതിയിൽ സഹായവുമായാണ് ചലച്ചിത്രതാരം മമ്മൂട്ടി എത്തിയത്. നടൻ രമേഷ് പിഷാരടിക്കൊപ്പമാണ് മമ്മൂട്ടി സഹായവുമായി എത്തിയത്. ഈ വിവരം എം ബി ഹൈബി ഈഡൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. അതേസമയം ഇതിനോടകം 28 ലക്ഷം രൂപയുടെ മരുന്നുകളാണ് ഹൈബി ഈഡന്റെ നേതൃത്വത്തിലുള്ള പദ്ധതിയിലൂടെ വിതരണം ചെയ്തത്.

Read also:റോഡിന് ഇരുവശത്തുമായി പിങ്കും നീലയും നിറത്തിലുള്ള തടാകങ്ങൾ; ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകൾ…

‘എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ 40 ദിവസം പിന്നിടുന്ന മരുന്ന് വിതരണത്തിന് പിന്തുണയുമായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. കൊവിഡ് പോസിറ്റീവ് രോഗികൾക്ക് ആവശ്യമായ വൈറ്റമിൻ മരുന്നുകൾ, പ്രതിരോധ പ്രവർത്തകർക്കാവശ്യമായ പൾസ് ഓക്സി മീറ്ററുകൾ, സാനിറ്റൈസറുകൾ എന്നിവ അദ്ദേഹം നൽകി. 40 ദിവസം പിന്നിടുന്ന പദ്ധതിയിലൂടെ 28 ലക്ഷം രൂപയുടെ മരുന്നുകളാണ് ഇതിനകം വിതരണം ചെയ്തത്. കൊവിഡ് പോസിറ്റീവ് രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും, അവർ സ്ഥിരമായി കഴിക്കുന്ന മറ്റു മരുന്നുകൾ കൂടി കഴിഞ്ഞ ദിവസങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം, നൽകിയ പിന്തുണ പദ്ധതിയ്ക്ക് കൂടുതൽ ഊർജ്ജമേകും. പ്രിയ സുഹൃത്ത് രമേശ്‌ പിഷാരടിയും കൂടെയുണ്ടായിരുന്നു. പ്രിയ മമ്മൂക്കയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി.- ഹൈബി ഈഡൻ ഫേസ്ബുക്കിൽ കുറിച്ചു.

Story Highlights:Mammootty Helps Covid patients