മന്ത്രിയായ മകനും, കൃഷിക്കാരായ മാതാപിതാക്കളും; സോഷ്യൽ മീഡിയയുടെ കൈയടിനേടിയ കുടുംബം

July 19, 2021

മകൻ ചില്ലറക്കാരനല്ല… കേന്ദ്ര മന്ത്രിസഭയിൽ ഫിഷറീസ്, മൃഗസംരക്ഷണം, വാർത്താ പ്രക്ഷോപണ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ്. എന്നാലും മകൻ മന്ത്രിയായതിന്റെ പേരിൽ തങ്ങൾ ജീവിച്ചുവന്നവഴി മറക്കാനോ മകന്റെ വളർച്ചയിൽ അഹങ്കരിക്കാനോ ഒന്നും തയാറല്ല കേന്ദ്രമന്ത്രി എൽ മുരുകന്റെ മാതാപിതാക്കൾ. തമിഴ്നാട് നാമക്കൽ ജില്ലയിലെ കോനൂർ ഗ്രാമവാസികളാണ് 68 കാരനായ ലോകനാഥനും 59 കാരിയായ ഭാര്യ വരുദമ്മാളും. മകൻ മന്ത്രി ആയെങ്കിലും പാടത്തെ ചെളിയിലും ചേറിലും പകലന്തിയോളം പണിയെടുത്താണ് ഇപ്പോഴും ഇവർ കഴിയുന്നത്.

വർഷങ്ങളായി പാടത്ത് ദിവസക്കൂലിയ്ക്ക് പണിയെടുക്കുന്നവരാണ് ഈ ദമ്പതികൾ. എന്നാൽ മന്ത്രിയായതിന് ശേഷവും അതിന് മുൻപും മാതാപിതാക്കളെ തങ്ങളുടെ വീട്ടിലേക്ക് മകൻ നിരവധി തവണ വിളിച്ചെങ്കിലും പോകാൻ കൂട്ടാക്കിയില്ല ഈ മാതാപിതാക്കൾ. മകന്റെ വളർച്ചയിൽ അഭിമാനമുണ്ട്, എങ്കിലും ആരോഗ്യമുള്ള കാലത്തോളം മകനെ ആശ്രയിക്കാതെ സ്വയം മണ്ണിൽപണിയെടുത്ത് ജീവിക്കാനാണ് ഈ മാതാപിതാക്കൾ ആഗ്രഹിക്കുന്നത്.

Read also: വർഷങ്ങൾക്ക് മുൻപ് മരണമടഞ്ഞ താരങ്ങളുടെ പട്ടികയിൽ സിദ്ധാർഥും; വ്യാജവാർത്തക്കെതിരെ പ്രതികരിച്ച് താരം

അതേസമയം സംസ്ഥാന സർക്കാരിന്റെ ദുരിതാശ്വാസ കിറ്റുകൾ റേഷൻ കടകളിലൂടെ വിതരണം ചെയ്തപ്പോഴും ഈ മാതാപിതാക്കൾ റേഷൻ കടയിൽ സാധാരണ ജനങ്ങളെപ്പോലെ ക്യൂ നിന്നാണ് കിറ്റുകൾ വാങ്ങിയത്. ക്യൂ നിൽക്കേണ്ട ആവശ്യമില്ല സാധനങ്ങൾ എത്തിച്ചുനൽകാമെന്ന് നിരവധിപ്പേർ പറഞ്ഞെങ്കിലും തങ്ങൾ ഇപ്പോഴും സാധാരണക്കാരാണെന്ന് പറയുകയായിരുന്നു ഈ മാതാപിതാക്കൾ. മന്ത്രിയുടെ മാതാപിതാക്കൾ റേഷൻ കടയിലെ വരിയിൽ നിൽക്കുന്ന ചിത്രങ്ങൾ, സോഷ്യൽ ഇടങ്ങളിൽ വൈറലായതോടെ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നായി നിരവധിപ്പേരാണ് ഈ മാതാപിതാക്കളെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.

Story Highlights: Union minister’s independent mom and dad toil in fields