മാലിക്കിലെ ഡേവിഡിന് ശേഷം പുതിയ ചിത്രവുമായി വിനയ് ഫോർട്ട്; ‘വാതിൽ’ അവതരിപ്പിച്ച് ദുൽഖർ സൽമാൻ

July 31, 2021

വിനയ് ഫോർട്ട് നായകനാകുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. വാതിൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ സര്‍ജു രമാകാന്ത് ആണ് സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാൻ ഫേസ്ബുക്ക് പേജിലൂടെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചു. വിനയ് ഫോർട്ട് തന്നെയാണ് പോസ്റ്ററിലെ മുഖ്യ ആകർഷണം. കൃഷ്‍ണ ശങ്കർ, അനു സിത്താര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, വി കെ ബൈജു, മൃദുൽ മുകേഷ്, അഞ്ജലി നായര്‍, സ്‍മിനു തുടങ്ങിയവരും അഭിനയിക്കുന്നു. സ്പാര്‍ക്ക് പിക്ചേഴ്സിന്‍റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ്, രജീഷ് വളാഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.

അതേസമയം മാലിക് ആണ് വിനയ് ഫോർട്ടിന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം. ചിത്രത്തിൽ ഡേവിഡ് എന്ന കഥാപാത്രത്തെയാണ് വിനയ് ഫോർട്ട് അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക പ്രശംസ നേടിയ കഥാപാത്രമായിരുന്നു ഡേവിഡിന്റേത്. ടേക്ക് ഓഫിന് ശേഷം പ്രേക്ഷകരിലേക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങൾ സമ്മാനിച്ചുകൊണ്ട് മഹേഷ് നാരായണൻ- ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് മാലിക്. സംവിധാനത്തിന് പുറമെ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രസംയോജനം നിര്‍വഹിക്കുന്നതും മഹേഷ് നാരായണന്‍ തന്നെയാണ്. 

Read also :‘രണ്ടര വർഷമായിട്ട് ഇരുത്തംവന്ന കലാകാരനാണ്’; ചിരിപ്പിച്ച് രമേശ് പിഷാരടി, കിടിലൻ കൗണ്ടറുകളുമായി മേഘ്‌നക്കുട്ടിയും

കഥാപാത്രങ്ങളുടെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ഫഹദ് ഫാസിലിനും വിനയ് ഫോർട്ടിനും പുറമെ വമ്പൻ താരനിരയും ഒന്നിച്ച ചിത്രമാണ് മാലിക്. ദിലീഷ് പോത്തൻ, ജോജു ജോർജ്, നിമിഷ സജയൻ, സനൽ അമൻ, ജലജ, സലിം കുമാർ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചു. 

Story Highlights: vinay forrt starring vaathil