പാട്ടിൽ നിറയെ മമ്മൂക്കയോടുള്ള സ്നേഹം; ശ്രദ്ധനേടി മഹാപർവ്വം

September 9, 2021

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആരാധകരാണ് തങ്ങളുടെ പ്രിയതാരത്തിന് പിറന്നാൾ മംഗളങ്ങളുമായി എത്തിയത്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധനേടുകയാണ് മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയ മഹാപർവ്വം എന്ന സംഗീത വിഡിയോ. മമ്മൂട്ടി അഭിനയിച്ച സിനിമകളിലെ ദൃശ്യങ്ങൾ കോർത്തിണക്കിയാണ് വിഡിയോ ഒരുക്കിയിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്.

സുജേഷ് ഹരിയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ബെൻ വർഗീസ് ചെറിയാൻ. ആലാപനവും ബെൻ തന്നെയാണ്. മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് പുറത്തിറങ്ങിയ ഗാനത്തിന് സമൂഹമാധ്യമങ്ങളിൽ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം നൃത്താവിഷ്കാരത്തിലൂടെയും മൊബൈൽ ഫോണുകൾ ഉപയോഗിച്ചും കരിപ്പൊടി ഉപയോഗിച്ചും ചിത്രങ്ങൾ വരച്ചും ഉൾപ്പെടെ നിരവധി വ്യത്യസ്തമായ പിറന്നാൾ ആശംസകളാണ് താരത്തിന് ആരാധകർ നൽകുന്നത്.

Read also: ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 43,263 പേര്‍ക്ക്

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി സിനിമ ലോകത്ത് സജീവ സാന്നിധ്യമാണ് മമ്മൂട്ടി. 1971 ൽ പ്രേക്ഷകരിലേക്കെത്തിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി സിനിമ അരങ്ങേറ്റം കുറിയ്ക്കുന്നത്. തോപ്പിൽ ഭാസി തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്യുന്നത് കെ എസ് സേതുമാധവനാണ്. തുടർന്ന് മേള എന്ന ചിത്രത്തിലും മമ്മൂട്ടി മുഖ്യകഥാപാത്രമായി മലയാള സിനിമാലോകത്ത് സജീവ സാന്നിധ്യമായി. മമ്മൂട്ടിയുടേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം ദി പ്രീസ്റ്റ് ആണ്.

Story highlights: Mahaparvam music video about Mammootty