തത്തകളും മൈനകളും മാത്രമല്ല താറാവുകളും സംസാരിക്കും; അമ്പരന്ന് ഗവേഷകർ

September 8, 2021

ചില ശബ്ദങ്ങൾ അനുകരിക്കുകയും വാക്കുകൾ സംസാരിക്കുകയുമൊക്കെ ചെയ്യുന്ന തത്തകളെയും മൈനകളെയുമൊക്കെ നാം കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ ഗവേഷകരെപ്പോലും അമ്പരപ്പിക്കുകയാണ് തത്തകളെപ്പോലെ സംസാരിക്കുന്ന താറാവുകൾ. ഓസ്‌ട്രേലിയയിലെ മസ്‌ക് ഡക്ക് എന്നയിനം താറാവുകളിലാണ് ഈ പ്രത്യേകതരം കഴിവ് കണ്ടെത്തിയത്. ഇക്കൂട്ടത്തിൽ ഒരു താറാവിന്റെ ശബ്ദം പരിശോധിച്ചപ്പോൾ യു ബ്ലഡി ഫൂൾ എന്ന് ഈ താറാവ് പറയുന്നതായും ഗവേഷകർ കണ്ടെത്തി. ഇതിന് പുറമെ മറ്റ് പല വാക്കുകളും ഈ താറാവ് സംസാരിക്കുന്നതായി കണ്ടെത്തി. അതേസമയം ഈ താറാവിന്റെ ഉടമസ്ഥൻ പറയുന്നത് കേട്ടാകാം ഇവ ഇത്തരത്തിൽ വാക്കുകൾ പഠിച്ചത് എന്നാണ് ഗവേഷകർ പറയുന്നത്.

ഇതിന് പുറമെ നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ ഓസ്‌ട്രേലിയയിലെത്തനെ ടിഡ് ബിൻ ബില്ലയിലുള്ള ഒരു താരവും ഇത്തരത്തിൽ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഇവ മനുഷ്യന്റെ ശബ്ദങ്ങൾക്ക് പുറമെ കുതിരകളുടെയും വാഹനങ്ങളുടേയുമൊക്കെ ശബ്ദങ്ങൾ പുറപ്പെടുവിക്കും എന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. അതേസമയം താറാവുകൾക്കും ശബ്ദം പുറപ്പെടുവിക്കാൻ കഴിയും എന്ന് തിരിച്ചറിഞ്ഞതിന്റെ ആവേശത്തിലാണ് ഗവേഷകരും.

Read also: അനുകരണകലയിൽ അതിശയിപ്പിച്ച് ഒരു പക്ഷി; ഹിറ്റായി കുഞ്ഞുങ്ങളുടെ ശബ്ദത്തിൽ കരയുന്ന വിഡിയോ

അടുത്തിടെ ഓസ്‌ട്രേലിയയിലെ മറ്റൊരു പക്ഷി കുഞ്ഞിന്റെ കരച്ചിൽ അതേപടി അനുകരിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലയർബേർഡ്സ് എന്ന വിഭാഗത്തിൽപെടുന്ന പക്ഷിയാണ് കുഞ്ഞിന്റെ ശബ്ദം വളരെ മനോഹരമായി അനുകരിച്ചത്. അന്തരീക്ഷത്തിൽ കാണപ്പെടുന്ന വ്യത്യസ്തതരം ശബ്ദങ്ങൾ അനുകരിക്കുന്നതിൽ മിടുക്കരാണ് ഇത്തരം പക്ഷികൾ. ജീവികളുടെ ശബ്ദവും കൃത്രിമ ശബ്ദവും ഇവയ്ക്ക് അനുകരിക്കാൻ കഴിയും. വലിയ രീതിയിൽ വംശനാശ ഭീഷണി നേരിടുന്ന വിഭാഗമാണ് ഓസ്‌ട്രേലിയയിൽ കണ്ടെത്തിയ ലയർ പക്ഷികൾ. 

Story highlights: Scientists confirmed talking duck