‘മെല്ലെയൊന്നു പാടി’ ആസ്വാദക ഹൃദയങ്ങൾ തലോടി ശ്രീഹരിക്കുട്ടൻ; മനോഹരം ഈ ആലാപനമികവ്

September 3, 2021

‘മെല്ലെയൊന്നു പാടി നിന്നെ ഞാനുണര്‍ത്തി ഓമലേ…’ മലയാളികളുടെ ഹൃദയതാളങ്ങൾ കീഴടക്കിയതാണ് മനസിനക്കരെ എന്ന ചിത്രത്തിലെ ഈ ഗാനം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ഇളയരാജ സംഗീതം നൽകി കെ ജെ യേശുദാസും ജ്യോത്സന രാധാകൃഷ്ണനും ചേർന്ന് പാടിയ ഗാനത്തിൽ ജയറാമും നയൻതാരയുമാണ് അഭിനയിച്ചിരിക്കുന്നത്. മലയാളികൾ എക്കാലത്തും കേൾക്കാൻ കൊതിക്കുന്ന ഈ മനോഹരഗാനവുമായി പാട്ട് വേദിയിൽ എത്തിയിരിക്കുകയാണ് ടോപ് സിംഗർ വേദിയിലെ കുട്ടിപ്പാട്ടുകാരൻ ശ്രീഹരി.

ടോപ് സിംഗർ വേദിയിലെ ഇഷ്ടഗായകനാണ് ശ്രീഹരി. ഓരോ തവണയും സംഗീത പ്രേമികളുടെ മനം കവരുന്ന പാട്ടുകളുമായാണ് ശ്രീഹരി എത്താറുള്ളത്. പാട്ടുകൾ തിരഞ്ഞെടുക്കുന്നതിലെ വൈഭവത്തിന് പുറമെ ആലാപനമാധുര്യം കൊണ്ടും ശ്രീഹരി പ്രേക്ഷകരുടെ ഇഷ്ടഗായകനായി മാറിയതാണ്. കലാഭവൻ മണിയുടെ പാട്ടുകൾ പാടിയാണ് ശ്രീഹരി ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ മനസ്സിനക്കരെ എന്ന ചിത്രത്തിലെ ഗാനമാലപിച്ചും ശ്രീഹരി പ്രേക്ഷകരുടെ ഹൃദയതാളങ്ങൾ കവർന്നുകഴിഞ്ഞു.

Read also; ‘ഇനി മേലാൽ അങ്ങനെ ഡാൻസ് ചെയ്യത്തില്ല’; മേഘ്‌നക്കുട്ടിയുടെ ചോദ്യത്തിന് രസകരമായ മറുപടിയുമായി ലാലേട്ടൻ

പ്രേക്ഷകർക്ക് പാട്ടുകൾ കൊണ്ട് പൂക്കാലം ഒരുക്കുന്ന ഈ കുഞ്ഞുമോനെ കാത്തിരുന്ന പാട്ട് വേദിയിലെ സർപ്രൈസ് സമ്മാനവും കാഴ്ചക്കാരിൽ ആവേശം നിറയ്ക്കുന്നുണ്ട്. യുട്യുബറും കെഎസ്സിബി ഉദ്യോഗസ്ഥരുനുമായ രണ്ട് സുഹൃത്തുക്കൾ ചേർന്ന് ശ്രീഹരിയ്ക്കായി ഒരു ലക്ഷത്തി പതിനൊന്നായിരത്തി നൂറ്റി പതിനൊന്ന് രൂപയാണ് സമ്മാനമായി നൽകിയത്.

കേൾക്കാൻ കൊതിക്കുന്ന സുന്ദര ഗാനങ്ങളുമായാണ് ഓരോ തവണയും ടോപ് സിംഗർ വേദിയിൽ കുട്ടി പാട്ടുകാർ എത്തുന്നത്. കൊച്ചുപാട്ടുകാരുടെ ആലാപനം കൊണ്ടും രസകരമായ വർത്തമാനങ്ങൾകൊണ്ടും പാട്ട് വേദി അനുഗ്രഹീതമാണ്.

Story highlights; Sreehari sings Melleyonnupadi song