2021 ൽ പാട്ട് പ്രേമികളുടെ കാതുംമനവും കവർന്ന സുന്ദരഗാനങ്ങൾ

December 31, 2021

പാട്ടുകൾ എന്നും പ്രിയപ്പെട്ടവയാണ്..ചില പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല അവ കേട്ടുകൊണ്ടേയിരിക്കാൻ തോന്നും. സന്തോഷത്തിലും ദുഃഖത്തിലും തുടങ്ങി മനുഷ്യന്റെ എല്ലാ വികാരങ്ങളോടും പാട്ടുകൾ ചേർന്നിരിക്കാറുണ്ട്. സുഖ- ദുഃഖങ്ങൾ സമ്മാനിച്ച 2021 ഉം സമ്മാനിച്ചു ഒരുപിടി നല്ല ഗാനങ്ങൾ. അത്തരത്തിൽ പാട്ടുപ്രേമികൾ നെഞ്ചേറ്റിയ ചില ഗാനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ദർശന…

ചിത്രത്തിന്റെ റിലീസിന് മുൻപായി ‘ദർശന’യോളം അതിവേഗം മലയാളി ഹൃദയങ്ങൾ കീഴടക്കിയ മറ്റൊരു ഗാനം ഉണ്ടാവില്ല… വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിക്കുന്ന ഹൃദയം എന്ന ചിത്രത്തിലെ ഗാനമാണ് ദർശന. അരുണ്‍ ആലാട്ടിന്‍റെ വരികള്‍ക്ക് ഹേഷമിന്‍റെ സംഗീതത്തില്‍ ഹേഷം അബ്‌ദുല്‍ വഹാബും ദര്‍ശന രാജേന്ദ്രനും ചേര്‍ന്നാണ് ‘ദര്‍ശന’ പാടിയിരിക്കുന്നത്. 

ചിത്രത്തിൽ പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളായി എത്തുന്നത്. ഒരു റൊമാന്റിക് ചിത്രമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം ഗാനത്തിനും പ്രാധാന്യം നൽകികൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഹൃദയത്തിൽ 15 പാട്ടുകൾ ഉണ്ടെന്ന് ടീം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 2022 ജനുവരിയിലാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

പകലിരവുകൾ….

2021 ൽ ഏറെ ജനപ്രീതി നേടിയ ദുൽഖർ സൽമാൻ ചിത്രം കുറിപ്പിലെ പകലിരവുകൾ എന്ന ഗാനം അതിവേഗത്തിലാണ് ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയത്. അൻവർ അലിയുടെ വരികൾക്ക് സുഷിൻ ശ്യാം സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നേഹ നായരാണ്. ദുൽഖർ സൽമാനും ശോഭിത ധുലിപാലയുമാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ശ്രീനാഥ്‌ രാജേന്ദ്രന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതമാണ് പറയുന്നത്. തിയേറ്ററുകളിൽ മികച്ച സ്വീകാര്യത നേടിയ ചിത്രമാണ് കുറുപ്പ്. ചിത്രത്തിലെ ഗാനങ്ങളും അതിവേഗം ശ്രദ്ധിക്കപ്പെട്ടിരുന്നു.

തീരമേ…

കെ എസ് ചിത്രയുടെ സ്വരമാധുര്യത്തിൽ പാട്ട് പ്രേമികളിലേക്കെത്തിയ ഗാനമാണ് തീരമേ. മാലിക് എന്ന ഫഹദ് ഫാസിൽ ചിത്രത്തിലെ ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത് അൻവർ അലിയാണ്. സുഷ്യൻ ശ്യാം സംഗീതം പകർന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ചിത്രയും സൂരജ് സന്തോഷും ചേർന്നാണ്.

മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധാനത്തിന് പുറമെ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രസംയോജനം നിര്‍വഹിക്കുന്നതും മഹേഷ് നാരായണന്‍ ആണ്. നിമിഷ സജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

കണ്ണിൽ എന്റെ…

പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് മരക്കാർ, അറബിക്കടലിന്റെ സിംഹം. ചിത്രത്തിലെ കണ്ണിൽ എന്റെ എന്ന് തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത് പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ആണ്.

മോഹൻലാൽ, പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെൽവൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

Story highlights: Best songs of 2021