അന്ന് മഞ്ജു വാര്യരെ കാണണം എന്ന് പറഞ്ഞ് കരഞ്ഞു, ഇന്ന് താരത്തിനൊപ്പം സിനിമയിൽ; സ്റ്റാറായി തേജസ്

ലോകമെങ്ങുമുള്ള മലയാളികൾക്കിടയിൽ നിരവധി ആരാധകരുള്ള താരമാണ് മഞ്ജു വാര്യർ. അഭിനയത്തിലെ മികവ് കൊണ്ടും ആരാധകരോടുള്ള സ്നേഹം കൊണ്ടും പ്രേക്ഷകരുടെ ഹൃദയത്തിലാണ് മഞ്ജു വാര്യർക്ക് സ്ഥാനം. കുറച്ച് കാലം സിനിമ മേഖലയിൽ നിന്നും വിട്ടുനിന്നശേഷം വെള്ളിത്തിരയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ താരത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നതും.

താരത്തിനെ കാണാനും കൂടെ നിന്ന് ചിത്രങ്ങളെടുക്കാനും കാത്തിരിക്കുന്ന ആരാധകരും നിരവധിയാണ്. അത്തരത്തിൽ മഞ്ജു വാര്യരെ കാണണം എന്ന് പറഞ്ഞ് കരയുന്ന ഒരു കുരുന്നിന്റെ വിഡിയോ നേരത്തെ സോഷ്യൽ ഇടങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം മഞ്ജു വാര്യറിനൊപ്പം സിനിമയിലെത്തിയിരിക്കുകയാണ് തേജസ് എന്ന ആ കുട്ടി ആരാധകൻ.

വെള്ളരിക്ക പട്ടണം എന്ന ചിത്രത്തിൽ ഒഡീഷൻ വഴി തിരഞ്ഞെടുക്കപ്പെട്ട താരമാണ് തേജസ്. സിനിമ ചിത്രീകരണത്തിനിടെയാണ് മഞ്ജു വാര്യരെ കാണണം എന്ന് പറഞ്ഞ് കരയുന്ന കുരുന്നിന്റെ വിഡിയോ താരം കാണുന്നത്. പിന്നീട് ആ കുരുന്നിനൊപ്പം നിന്ന് ചിത്രങ്ങളും എടുത്താണ് മഞ്ജു വാര്യർ പിരിഞ്ഞത്. അതേസമയം രണ്ടര വയസിൽ താൻ പറഞ്ഞ ആഗ്രഹം ഇപ്പോൾ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഈ കുരുന്നിപ്പോൾ.

Read also: കുഞ്ചാക്കോ ബോബന്റെ നായികയായി രജിഷ വിജയൻ- ‘പകലും പാതിരാവും’ ഒരുങ്ങുന്നു

മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് വെള്ളരിക്കാപട്ടണം. മഹേഷ് വെട്ടിയാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മഞ്ജു വാര്യർക്കും സൗബിനും പുറമേ സലിംകുമാര്‍, സുരേഷ്‌കൃഷ്ണ ,കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, ഇടവേള ബാബു, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, വീണനായര്‍, പ്രമോദ് വെളിയനാട്, ശ്രീകാന്ത് വെട്ടിയാര്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Story highlights:Master Thejus with Manju Warrier