‘ലൂസിഫറി’ന്റെ ഓർമയിൽ പൃഥ്വിരാജ്, ‘എമ്പുരാനെ’ അന്വേഷിച്ച് ആരാധകർ

December 7, 2021

ലൂസിഫർ എന്ന ചിത്രം മലയാളികൾ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. മാസ് ആക്ഷൻ സിനിമ എന്ന രീതിയിൽ മികച്ച പ്രതികരണം നേടിയ ചിത്രം നിരവധി പ്രത്യേകതകളോടെയാണ് പ്രേക്ഷകരിലേക്കെത്തിയത്. പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധായകനായ ചിത്രം 200 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി പ്രേക്ഷകരിലേക്കെത്തിക്കുന്നതിന്റെ തിരക്കിലാണ് താരം, അതിനിടെയിൽ ആദ്യ ചിത്രത്തിന്റെ ഓർമ്മകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം.

ലൂസിഫറിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. അതേസമയം ലൂസിഫറിന് പിന്നാലെ പ്രഖ്യാപിച്ച എമ്പുരാൻ എപ്പോൾ ആരംഭിക്കും എന്നാണ് ആരാധകർ ചോദിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച ചിത്രം കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് ചിത്രീകരണം നീട്ടിവയ്ക്കുകയായിരുന്നു. ഇപ്പോൾ മോഹൻലാലിനെ നായകനാക്കി ബ്രോ ഡാഡി എന്ന ചിത്രമാണ് പൃഥ്വിരാജ് ഒരുക്കുന്നത്.

Read also: ‘അരികെ നിന്ന നിഴൽ’, ‘ദർശന’യ്ക്ക് പിന്നാലെ ആസ്വാദക മനംതൊട്ട് ‘ഹൃദയ’ത്തിലെ പുതിയ ഗാനം

പ്രേക്ഷകർക്ക് ആവേശം നിറയ്ക്കുന്ന സീനുകളും മരണമാസ് ഡയലോഗുകളുമായി ആരംഭം മുതൽ അവസാനം വരെ ആരാധകരെ തിയേറ്ററുകളിൽ പിടിച്ചിരുത്തുന്ന ചിത്രമാണ് ലൂസിഫർ. അഭിനയത്തിൽ വിസ്‌മയം സൃഷ്ടിക്കുന്ന മോഹൻലാൽ എന്ന കലാകാരനെ മലയാളികൾ കാണാൻ ആഗ്രഹിച്ച രീതിയിൽ സമ്മാനിക്കാൻ പൃഥ്വിക്ക് കഴിഞ്ഞു എന്നത് മാത്രമല്ല, ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലും സംവിധായകൻ പുലർത്തിയ മികവ് അസാമാന്യമെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Story highlights: Prithwiraj shares Lucifer memories