അഭിമാനത്തിന്റെ മൂന്ന് വർഷങ്ങൾ, പിറന്നാൾ നിറവില്‍ ട്വന്റിഫോര്‍

December 8, 2021

കുറഞ്ഞ കാലയളവിനുള്ളിൽ ജനഹൃദയങ്ങളിൽ ഇടംനേടിയതാണ് ട്വന്റിഫോര്‍ വാർത്താ ചാനൽ. മലയാളികളുടെ വാര്‍ത്താ സംസ്‌കാരത്തിന് പുതിയ മുഖം നല്‍കിയ ട്വന്റിഫോറിന് ഇന്ന് മൂന്നാം പിറന്നാൾ. വാര്‍ത്താ അവതരണത്തില്‍ പുതുമകള്‍ സമ്മാനിച്ച് മുന്നേറികൊണ്ടിരിക്കുന്ന ട്വന്റിഫോർ സത്യസന്ധമായ വാര്‍ത്തകള്‍ക്കൊണ്ടും മികവാര്‍ന്ന അവതരണങ്ങള്‍ക്കൊണ്ടും വ്യത്യസ്ത വാര്‍ത്താധിഷ്ഠിത പരിപാടികള്‍ക്കൊണ്ടും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

2018 ഡിസംബര്‍ 8 മുതലാണ് ട്വന്റിഫോര്‍ മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ സാന്നിധ്യമുറപ്പിച്ചത്. വാര്‍ത്തകള്‍ ഏറ്റവും വേഗത്തില്‍ ഗൗരവം ചോരാതെ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതോടൊപ്പം സിനിമാ ലോകത്തെ വിശേഷങ്ങളും, കൗതുക- കായിക വാര്‍ത്തകളും, വ്യാജ പ്രചരണങ്ങള്‍ക്ക് പിന്നിലെ സത്യവുമെല്ലാം പ്രേക്ഷകരിലേക്കെത്തിക്കാൻ 24 മണിക്കൂറും ജനങ്ങൾക്കൊപ്പം നിൽക്കുന്ന വാർത്താ ചാനലാണ് ട്വന്റിഫോർ. 

പുത്തന്‍ സാങ്കേതിക സൗകര്യങ്ങളുടെ അനന്ത സാധ്യതയില്‍ ഇന്ത്യന്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് വഴികാട്ടിയായിരുന്നു ട്വന്റിഫോര്‍. ഓഗ്മെന്‍ഡ് റിയാലിറ്റിയും വെര്‍ച്വല്‍ റിയാലിറ്റിയുമടക്കം അതിനൂതനമായ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് വാര്‍ത്തകള്‍ അവതരിപ്പിക്കുന്നതുകൊണ്ടുതന്നെ പ്രായഭേദമന്യേ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി ഈ വാര്‍ത്താ ചാനല്‍.

ട്വന്റിഫോര്‍ പ്രക്ഷേപണം ആരംഭിക്കുന്നത് 2018 ഡിസംബറിലാണെങ്കിലും 2015 മുതല്‍ തന്നെ ഓണ്‍ലൈന്‍ പോര്‍ട്ടലായ twentyfournews.com പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അന്നു മുതല്‍ കൃത്യതയാര്‍ന്ന വാര്‍ത്തകളും, വാര്‍ത്തകള്‍ക്കപ്പുറത്തെ കാഴ്ചകളും വിശേഷങ്ങളും വായനക്കാരിലേയ്ക്കെത്തിച്ച ട്വന്റിഫോര്‍ മലയാളികളുടെ ഇഷ്ട വാര്‍ത്താ സ്രോതസുകളില്‍ ഒന്നായി മാറിയതാണ്.

Story highlights; Three years of Twentyfour