ഒടുവിൽ അർഹിക്കുന്ന അംഗീകാരം നേടി സ്‌മൃതി മന്ദാന; ഐസിസി വനിത ക്രിക്കറ്റർ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ സൂപ്പർ താരം

January 25, 2022

ഐസിസിയുടെ മികച്ച വനിതാ ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ താരം സ്‌മൃതി മന്ദാന. 2021-ൽ എല്ലാ ഫോർമാറ്റുകളിലും സ്‌മൃതി നടത്തിയ അസാമാന്യ പ്രകടനത്തിനുള്ള അംഗീകാരമായി പുരസ്‌കാരം മാറി. കഴിഞ്ഞ വർഷം 3 ഫോർമാറ്റുകളിലായി 22 മത്സരങ്ങൾ കളിച്ച ഇന്ത്യയുടെ ഓപ്പണറായ സ്‌മൃതി 855 റൺസാണ് അടിച്ചുകൂട്ടിയത്. ഇംഗ്ലണ്ടിലെയും ഓസ്‌ട്രേലിയയിലെയും മികച്ച പ്രകടനങ്ങളും സ്‌മൃതിയെ പുരസ്‌കാരത്തിന് അർഹയാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള ടി-20, ഏകദിന പരമ്പരകളിൽ ഇന്ത്യ ജയിച്ച രണ്ട് മത്സരങ്ങളിലും സ്‌മൃതിയുടെ പ്രകടനം നിർണായകമായിരുന്നു. രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 158 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇന്ത്യ ജയിച്ച കളിയിൽ 80 റൺസെടുത്ത് പുറത്താവാതെ നിന്ന് വിജയത്തിന് ചുക്കാൻ പിടിച്ചത് സ്‌മൃതിയായിരുന്നു. ഇന്ത്യൻ ടീം വിജയിച്ച അവസാനത്തെ ടി-20 മത്സരത്തിലും സ്‌മൃതി 48 റൺസെടുത്ത് പുറത്താവാതെ നിന്നു.

Read More: യാത്ര ഈ ഓട്ടോറിക്ഷയിലായാൽ അധികമൊന്നും ചിന്തിക്കാനില്ല; വൈഫൈയും കൂളറും ടിവിയും പുസ്തകങ്ങളും വരെ ലഭ്യമാണ് ഇവിടെ

ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയയ്ക്കുമെതിരെയുള്ള പരമ്പരകളിൽ ഇന്ത്യൻ ടീം പരാജയപ്പെട്ടപ്പോഴും മികച്ച പ്രകടനവുമായി സ്‌മൃതി സ്ഥിരതയാർന്ന ബാറ്റിംഗ് കാഴ്ചവെച്ചു. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ സമനില നേടിയ ടെസ്റ്റിൽ സ്‌മൃതി ആദ്യ ഇന്നിങ്‌സിൽ 78 റൺസ് അടിച്ചുകൂട്ടിയപ്പോൾ ഇന്ത്യ ജയിച്ച ഒരേയൊരു ഏകദിനത്തിൽ 49 റൺസ് നേടി താരം ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യ പിങ്ക് ബോൾ ടെസ്റ്റിൽ മന്ദാന സെഞ്ചുറിയെടുത്ത് തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു.

റേച്ചല്‍ ഹെയ്‌ഹോ ഫ്‌ളിന്റിന്റെ പേരില്‍ അറിയപ്പെടുന്ന പുരസ്‌കാരമാണ് മന്ദാനയ്ക്ക് ലഭിക്കുക.

Story Highlights: Smriti Mandhana named ICC Women’s Cricketer of the Year