കാഴ്ച ഒരുകണ്ണിന് മാത്രം, വൃക്കയും മാറ്റിവെച്ചു; ജനകോടികളെ പ്രചോദിപ്പിച്ച് റാണ ദഗ്ഗുബതിയുടെ അതിജീവനകഥ

May 1, 2024

പ്രതിസന്ധികൾ നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത് അപ്രതീക്ഷിതമായായിരിക്കും. ചിലർ അവയെ അതിമനോഹരമായി അതിജീവിക്കും. മറ്റുചിലർ അതിൽ തളർന്നുപോകും. കുറവുകളെ വിജയങ്ങളാക്കിയ, അല്ലെങ്കിൽ വെല്ലുവിളികളെ നിഷ്പ്രഭമാക്കിയ നിരവധി ആളുകളുടെ കഥകൾ ധാരാളം കേട്ടിട്ടുണ്ടാകും. പക്ഷെ, നമുക്ക് അടുത്തറിയാവുന്ന, കേട്ടുപരിചയമുള്ള, ആരാധിക്കുന്ന ആളുകളുടെ ജീവിതത്തിലും ഭീകരമായ പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട് എന്നറിയുമ്പോഴോ? നമ്മൾ കാണുമ്പൊൾ അവർ വിജയികൾ മാത്രമാണ്. ആ വിജയത്തിലേക്ക് അവർ എത്തുമ്പോൾ അഭിമുഖീകരിച്ച പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്നത് പലർക്കും അറിയില്ല. അങ്ങനെയൊരു വിജയിയാണ് നടൻ റാണ ദഗ്ഗുബതി. ആരോഗ്യപരമായ വലിയ അവസ്ഥകളെ മാറ്റിനിർത്തിയാണ് അദ്ദേഹം ഇന്ന് ഇന്ത്യൻ സിനിമയിൽ തലയെടുപ്പോടെ നിൽക്കുന്നത്.

റാണ ദഗ്ഗുബതി ഒരു യഥാർത്ഥ ജീവിതത്തിലെ ‘ടെർമിനേറ്റർ’ ആണ്. തൻ്റെ ആരോഗ്യപ്രശ്നങ്ങൾ ഒരിക്കൽ അദ്ദേഹം വെളിപ്പെടുത്തിയതോടെയാണ് ആരാധാകൃ അമ്പരന്നത്. കോർണിയൽ, വൃക്ക മാറ്റിവയ്ക്കൽ എന്നിവ ഉൾപ്പെടുന്ന അവസ്ഥകളിലൂടെയാണ് അദ്ദേഹം കടന്നുപോയത്. ഈ തടസ്സങ്ങൾക്കിടയിലും, ദശലക്ഷക്കണക്കിന് ആരാധകർക്ക് റാണ ഒരു യഥാർത്ഥ പ്രചോദനമായി മാറിയിരിക്കുന്നു.

വലത് കണ്ണിന് കാഴ്ചയില്ലെന്നും ഇടതു കണ്ണിലൂടെ മാത്രമേ തനിക്ക് കാണാൻ കഴിയൂവെന്നും റാണ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. ഇന്നദ്ദേഹം ലോകത്തെ കാണുന്നത് മറ്റൊരാളുടെ കണ്ണിലൂടെയാണ്. മരണശേഷം ഒരാൾ ദാനം ചെയ്ത കണ്ണാണ് റാണയ്ക്ക് ഇന്ന് കാവലാകുന്നത്. എന്നാൽ ഇത് റാണയെ തൻ്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നിന്നും ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാകുന്നതിൽ നിന്നും തടഞ്ഞില്ല.

ഭാഗിക അന്ധതയെ താൻ എങ്ങനെ നേരിട്ടുവെന്നും അദ്ദേഹം പങ്കുവെച്ചിരുന്നു. 2016ൽ, ഭാഗികമായി അന്ധനാണെന്ന് റാണ ദഗ്ഗുബതി തുറന്ന് പറഞ്ഞിരുന്നു. കോർണിയൽ ട്രാൻസ്പ്ലാൻറിനെക്കുറിച്ച് സംസാരിച്ച ചുരുക്കം ചിലരിൽ ഒരാളാണ് ഞാനെന്ന് ഞാൻ കരുതുന്നു. അമ്മയുടെ കണ്ണ് നഷ്ടപ്പെട്ട ഒരു കുട്ടിയെ കാണുകയും അത് എന്താണെന്ന് ഓർത്ത് അവൻ വളരെ സങ്കടപ്പെട്ടതോടുകൂടിയുമാണ് ഞാൻ എന്റെ അവസ്ഥയെക്കുറിച്ച് സംസാരിച്ചത്. ഞാൻ അവനോട് പറഞ്ഞു. അതെന്താണെന്നല്ല, എല്ലാത്തിനും ഒരു വഴിയുണ്ട്, അപ്പോഴാണ് ഞാൻ എന്റെ കണ്ണിനെക്കുറിച്ച് പറഞ്ഞത്. എനിക്ക് എന്റെ വലത് കണ്ണിൽ നിന്ന് കാണാൻ കഴിയില്ല, അതിനാൽ ഞാൻ മറ്റൊരു കാഴ്ചയിൽ പ്രവർത്തിക്കുന്നു’.

‘എനിക്ക് ഒരു കോർണിയ ട്രാൻസ്പ്ലാൻറ് ഉണ്ടായിരുന്നു, എനിക്ക് വൃക്ക മാറ്റിവയ്ക്കൽ ഉണ്ടായിരുന്നു. ഞാൻ മിക്കവാറും ഒരു ടെർമിനേറ്ററാണ്. അതിനാൽ, ഞാൻ ഇപ്പോഴും അതിജീവിക്കുന്നു, നിങ്ങൾ മുന്നോട്ട് പോയാൽ മതി’ എന്നായിരുന്നു ഞാൻ സ്വയം കരുതിയിരുന്നത്’- അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.

Read also: സൂപ്പർമാൻ വേഷമണിഞ്ഞ് ആശുപത്രികളും വഴിയോരങ്ങളിലും; പുഞ്ചിരി വിരിയിച്ച് ഒരു ചെറുപ്പക്കാരൻ

റാണയുടെ കഥ മനുഷ്യൻ്റെ ശക്തിയും ഏറ്റവും പ്രയാസകരമായ പ്രതിബന്ധങ്ങളെപ്പോലും മറികടക്കാനുള്ള കഴിവും പ്രകടമാക്കുന്നതാണ്. ജീവിതം നമുക്ക് നേരെ ശക്തമായി എറിയുന്നത് പരിഗണിക്കാതെ മുന്നോട്ട് പോകാനും സന്തോഷത്തോടെ നിലനിൽക്കാനും അദ്ദേഹം എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നു.

Story highlights- rana daggubati survival story