ആ തിരിച്ചറിവുണ്ടായത് ‘പ്രേമം’ ഇറങ്ങിയ ശേഷം; തുറന്നുപറഞ്ഞ് സായി പല്ലവി

January 5, 2019

‘പ്രേമം’ എന്ന ചിത്രതെത്തിലെ മലർ മിസായി വന്ന് മലയാളികളുടെ ഇഷ്ട നായികയായി മാറിയ താരമാണ് സായി പല്ലവി. മേയ്ക്കപ്പ് ഇല്ലാതെ വന്ന ആ മുഖക്കുരുവുള്ള നായികയെ മലയാളികൾ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. അതുവരെ നിലനിന്ന നായികയെന്ന പരമ്പരാഗത സങ്കൽപ്പത്തെ മാറ്റിമറിച്ചാണ് സായി പല്ലവി  മലയാളികളുടെ ഹൃദയം കീഴടക്കിയത്.

പ്രേമം എന്ന ചിത്രത്തിലെ മലർ മിസ് എന്ന കഥാപാത്രത്തിലൂടെയാണ് താൻ സുന്ദരി ആണെന്ന തിരിച്ചറിവ് ഉണ്ടായതെന്ന് വെളിപ്പെടുത്തുകയാണ് സായി പല്ലവി. “മറ്റു പെണ്‍കുട്ടികളെപ്പോലെ സൗന്ദര്യത്തെപ്പറ്റി ഒരുപാടു സംശയങ്ങള്‍ എനിക്കും ഉണ്ടായിരുന്നു. ഏതെങ്കിലും ആണ്‍സുഹൃത്തുക്കള്‍ പറയുമ്പോഴായിരിക്കും ഒരു പെണ്‍കുട്ടി അവള്‍ സുന്ദരിയാണെന്ന് സ്വയം വിശ്വസിക്കുക. പ്രേമം സിനിമയ്ക്കു ശേഷമാണ് എനിക്ക് ഞാന്‍ സുന്ദരിയാണെന്ന തിരിച്ചറിവ് ഉണ്ടായത്. ആ സിനിമയ്ക്കു വേണ്ടി മെയ്ക്കപ്പ് ഇടാനും മുടി സെറ്റ് ചെയ്യാനുമൊക്കെ ഞാന്‍ തയ്യാറായിരുന്നു. പക്ഷേ അതിന്റെ ആവശ്യമില്ലെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞു.’ സായി പറഞ്ഞു.

”ചിത്രം റിലീസ് ആയ ദിവസം എനിക്ക് പേടിയായിരുന്നു. സ്ക്രീനിൽ എന്നെ കാണുമ്പോൾ, ഇത് ഏത് പെൺകുട്ടിയെയാണ് അഭിനയിപ്പിച്ചിരിക്കുന്നത് എന്നൊക്കെ സംവിധായകന് വിമർശനം നേരിടേണ്ടി വരുമോ എന്ന പേടി. പക്ഷേ, പ്രേക്ഷകർ ആ കഥാപാത്രത്തെ സ്വീകരിച്ചു. അതോടെ എനിക്ക് ആത്മവിശ്വാസം ലഭിച്ചു. വെറുതെ അണിഞ്ഞൊരുങ്ങി പ്രത്യക്ഷപെടുന്നതിലല്ല, കഥാപാത്രത്തെയാണ് ആരാധകർ സ്വീകരിക്കുന്നതെന്ന് തിരിച്ചറിവുണ്ടായി..” സായി കൂട്ടിച്ചേർത്തു.