ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിജയരഹസ്യം എന്തെന്ന് ചോദ്യം; അത് പറഞ്ഞാല്‍ തന്നെ ആരും ലേലത്തില്‍ എടുക്കില്ലെന്ന് ധോണി

April 25, 2019

ബാറ്റുകൊണ്ട് വിസ്മയങ്ങള്‍ തീര്‍ക്കാന്‍ മാത്രമല്ല ആവശ്യ സമയത്ത് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയാനും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകന്‍ മഹേന്ദ്ര സിങ് ധോണിക്കറിയാം. ധോണിയുടെ ഇത്തരത്തില്‍ ഒരു മറുപടിയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സണ്‍റൈസേഴ്‌സ് ഹൈദരബാദും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള മത്സരത്തിനു ശേഷമാണ് സംഭവം. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിജയ രഹസ്യം എന്താണെന്ന് അവതാരകന്‍ ധോണിയോട് ചോദിച്ചു. അത് പറഞ്ഞാല്‍ അടുത്ത സീസണില്‍ തന്നെ ആരും ലേലത്തില്‍ എടുക്കില്ലെന്നും. അത് ട്രേഡ് സീക്രട്ടാണെന്നുമായിരുന്നു ധോണിയുടെ മറുപടി. എന്തായാലും താരത്തിന്റെ ഈ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആരാധകര്‍.


അതേസമയം കഴിഞ്ഞ മത്സരത്തിലും മിന്നല്‍ സ്റ്റംമ്പിങുകൊണ്ട് കാണികളെ അതിശയിപ്പിച്ചിരിക്കുകയാണ് വീണ്ടും ധോണി. മത്സരത്തിന്റെ പതിനാലാം ഓവറിലായിരുന്നു ധോണിയുടെ ഈ മാസ്മരിക പ്രകടനം. തനിക്കു നേരെ പാഞ്ഞടുക്കുന്ന പന്തുകളെ അടിച്ചുപറത്താനുള്ള ശ്രമത്തില്‍ ഡേവിഡ് വാര്‍ണ്ണര്‍ കളം നിറഞ്ഞു നില്‍ക്കുന്ന സമയം. ഹര്‍ഭജന്‍ സിങിന്റെ പന്ത് ദൂരേയക്ക് പായിക്കാന്‍ വാര്‍ണ്ണര്‍ ശ്രമിച്ചെങ്കിലും അത് നഷ്ടമായി. ഇതിനിടെയിലാണ് ധോണിയുടെ മാജിക്. 0.20 സെക്കന്റ് സ്പീഡില്‍ മഹേന്ദ്രസിങ് ധോണിയുടെ മിന്നല്‍ സ്റ്റംപിങ്. ഗാലറിയില്‍ ആരവങ്ങള്‍ മുഴങ്ങിയപ്പോഴേക്കും വാര്‍ണ്ണര്‍ കളം വിട്ടു. പാണ്ഡ്യയും വാര്‍ണ്ണരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 115 റണ്‍സിന്റെ കൂട്ടുകെട്ടിന് വിരാമമാവുകയായിരുന്നു ധോണിയുടെ പ്രകടനത്തിലൂടെ. മുമ്പും പല തവണ മിന്നല്‍ സ്റ്റംപിങിലൂടെ ക്രിക്കറ്റ് ലോകത്തെ അതിശയിപ്പിച്ചിട്ടുണ്ട് ധോണി.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരബാദ് നിശ്ചിത ഓവറില്‍ 175 റണ്‍സാണ് നേടിയത്. മൂന്ന് വിക്കറ്റും സണ്‍റൈസേഴ്‌സിന് നഷ്ടമായിരുന്നു. എന്നാല്‍ 176 റണ്‍സ് എന്ന വിജയലക്ഷ്യം ഒരു ബോള്‍ ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മറികടന്നു.