വെള്ളിത്തിരയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി ധനുഷ്; സ്‌പെഷ്യല്‍ വീഡിയോയുമായി ആരാധകര്‍

May 9, 2019

അഭിനയ മികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും തമിഴ് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായ താരമാണ് ധനുഷ്. തെന്നിന്ത്യ ഒന്നാകെ താരത്തിന് ആരാധകരും ഏറെയാണ്. അഭിനയ വസന്തത്തിന്റെ പതിനേഴ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് താരം.

ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് വെള്ളിത്തിരയില്‍ പതിനേഴ് വര്‍ഷം പൂര്‍ത്തിയാക്കുന്ന ധനുഷിനെക്കുറിച്ച് ആരാധകര്‍ ഒരുക്കിയിരിക്കുന്ന ഒരു സ്‌പെഷ്യല്‍ വീഡിയോ. ധനുഷ് മാഷ് അപ്പ് 2019 എന്നാണ് ഈ വീഡിയോയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. വെള്ളിത്തിരയില്‍ തിളങ്ങിയ ധനുഷ് കഥാപാത്രങ്ങളെല്ലാം ഈ വീഡിയോയില്‍ മിന്നി മറയുന്നുണ്ട്.

Read more:അഭിനയ വിസ്മയം തീര്‍ത്ത് ഭാവന; ’99’ ലെ ഗാനം ശ്രദ്ധേയമാകുന്നു

വെള്ളിത്തിരയില്‍ എക്കാലത്തും ധനുഷ് കഥാപാത്രങ്ങള്‍ മികച്ച സ്വീകാര്യത നേടുന്നുണ്ട്. 2002 ലാണ് ചലച്ചിത്ര രംഗത്തേക്കുള്ള ധനുഷിന്റെ അരങ്ങേറ്റം. കസ്തൂരിരാജ സംവിധാനം നിര്‍വ്വഹിച്ച ‘തുള്ളുവതോ ഇളമൈ’ എന്നതായിരുന്ന ധനുഷിന്റെ ആദ്യ ചിത്രം. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു ഈ ചിത്രം. മാതാപിതാക്കളുടെ സ്‌നേഹം ലഭിക്കാതെ വഴിതെറ്റിപ്പോകുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ കഥയായിരുന്നു ഈ ചിത്രത്തിന്റെ മുഖ്യ പ്രമേയം. തുടര്‍ന്ന് ‘കാതല്‍ കൊണ്ടേന്‍’ എന്ന ചിത്രത്തിലും തികച്ചും വിത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ധനുഷ് ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടി. 2003 ല്‍ പുറത്തിറങ്ങിയ തിരുടാ തിരുടി എന്ന ചിത്രത്തിലാണ് നായകപ്രാധാന്യമുള്ള കഥാപാത്രത്തെ ധനുഷ് ആദ്യമായി അവതരിപ്പിക്കുന്നത്.

‘ആടുകളം’ എന്ന ചിത്രത്തിലെ അഭിനയത്തിന് 2010- ല്‍ മികച്ച നടനുള്ള പുരസ്‌കാരവും ധനുഷിന് ലഭിച്ചിട്ടുണ്ട്. ഡ്രീംസ്, ദേവതയെ കമ്‌ടേന്‍, കനാക്കാലം, വിളയാടല്‍ ആരംഭം, പൊല്ലാതവന്‍, യാരടി നീ മോഹിനി, പഠിക്കാതവന്‍, ഉത്തമപുത്തിരന്‍, ശീടന്‍, മാപ്പിളൈ, വടചെന്നൈ, മാരി 2 തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം ശ്രദ്ധേയനായി. വെട്രിമാരന്‍ സംവിധാനം നിര്‍വ്വഹിച്ച മാരി 2 ആണ് ധനുഷിന്‍റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.