റിലീസിന് മുമ്പേ ചരിത്രം കുറിച്ച് നേതാജി; ലോകത്തിലെ ആദ്യ ഗോത്രഭാഷാ ചിത്രം

May 29, 2019

ചലച്ചിത്ര നിര്‍മ്മാണ രംഗത്തും വിതരണരംഗത്തുമെല്ലാം ശ്രദ്ധേയനായ ഗോകുലം ഗോപാലന്‍ അഭിനയ രംഗത്തേയ്ക്കും ചുവടുവെയ്ക്കുന്നു. ‘നേതാജി’ എന്ന ചിത്രത്തിലാണ് ഗോകുലം ഗോപാലന്‍ വെള്ളിത്തിരയിലെത്തുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഒരു പ്രധാന നേതാവായിരുന്ന സുഭാഷ് ചന്ദ്രബോസിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. റിലീസിനു മുമ്പേ പുതു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് നേതാജി എന്ന ചിത്രം. ലോകത്തിലെ ആദ്യ ഗോത്ര ഭാഷാ ചിത്രം എന്ന ഗിന്നസ് റെക്കോര്‍ഡാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

‘നേതാജി’ എന്ന ചിത്രത്തില്‍ സുഭാഷ് ചന്ദ്രബോസിന്റെ വേഷത്തിലാണ് ഗോകുലം ഗോപാലന്‍ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. സിനിമ അധികം വൈകാതെ തന്നെ തീയറ്ററുകളിലെത്തും എന്നാണ് സൂചന. അതേസമയം ചിത്രത്തിനു വേണ്ടിയുള്ള ഗോകുലം ഗോപാലന്റെ മെയ്ക്ക്ഓവറും ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read more:“കുഞ്ഞൂട്ടാ മോനേ… നീ ഉണ്ടായിരുന്നെങ്കില്‍…”, മരണപ്പെട്ട മകനോട് ഈ അമ്മയ്ക്ക് പറയാനുള്ളത്: കണ്ണു നിറച്ചൊരു കുറിപ്പ്

വിജീഷ് മണിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നതും വിജീഷ് മണി തന്നെയാണ്. ‘വിശ്വഗുരു’ എന്ന ചിത്രത്തിലൂടെ ഏറ്റവും വേഗത്തില്‍ സിനിമ പൂര്‍ത്തീകരിച്ച് റിലീസ് ചെയ്ത് ഗിന്നസ് റെക്കോര്‍ഡ് നേടിയിട്ടുള്ള സംവിധായകനാണ് വിജീഷ് മണി. അതുകൊണ്ടുതന്നെ ‘നേതാജി’ എന്ന ചിത്രത്തിലും ആരാധകര്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട്. മികച്ച ടെക്‌നീഷ്യന്‍മാരും ചിത്രത്തിനായി അണിനിരക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ജോണി കുരുവിളയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. സംവിധായകന്‍ വിജീഷ് മണി, പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗോകുലം ഗോപാലന്‍, നിര്‍മ്മാതാവ് ജോണി കുരുവിള എന്നിവര്‍ക്കാണ് ഗിന്നസ് ബുക്ക് അധികൃതര്‍ പുരസ്‌കാരം സമര്‍പ്പിച്ചത്.