‘എന്റെ കൂടെ നീ വന്നു’; പ്രേക്ഷക ഹൃദയം കീഴടക്കി ‘പതിനെട്ടാം പടി’യിലെ ഗാനം..

May 8, 2019

കുറച്ച് ദിവസങ്ങളായി മലയാളികളുടെ പ്രിയപ്പെട്ട താരം മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ‘പതിനെട്ടാം പടി’യുടെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രത്തിലെ പോസ്റ്ററുകൾക്ക് ശേഷം പതിനെട്ടാംപടിയിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘എന്റെ കൂടെ നീ വന്നു’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്.  എ എച്ച് കാഷിഫ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനം ഷഹബാസ് അമന്‍, നകുല്‍, ഹരി ചരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കുന്ന ഗാനത്തിന്റെ വരികൾ തയാറാക്കിയിരിക്കുന്നത് വിനായക് ശശികുമാറാണ്.

ചിത്രത്തിന് വേണ്ടിയുള്ള മമ്മൂട്ടിയുടെ മേക്ക് ഓവർ കണ്ട് സിനിമാലോകം പോലും ഞെട്ടിയിരുന്നു. ചിത്രത്തിൽ അതിഥി വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്. എന്നാൽ മമ്മൂട്ടി മാത്രമല്ല മലയാളത്തിലെ നടനും സംവിധായകനുമായ പൃഥ്വിയും മലയാള സിനിമയുടെ മസിൽ മാൻ ഉണ്ണിമുകുന്ദനും  എത്തുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്.

ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

മലയാളത്തിൽ മികച്ച വിജയം നേടി മുന്നേറിയ ‘ഉറുമി’ക്ക് ശേഷം വീണ്ടും ഓഗസ്റ്റ് സിനിമാസും ശങ്കര്‍ രാമകൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണ് പതിനെട്ടാം പടി. ഒരു കൂട്ടം യുവാക്കളുടെ ജീവിത യാത്രയാണ് പതിനെട്ടാം പടിയുടെ പ്രമേയം. ഇവരുടെ പഠനകാലത്ത് നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന കഥാപത്രമായാണ് മമ്മൂട്ടി എത്തുക. പ്രിയാ മണി, അഹാന കൃഷ്ണകുമാര്‍, ലാലു അലക്‌സ്, സുരാജ് വെഞ്ഞാറന്മൂട്, മനോജ് കെ ജയന്‍, മണിയന്‍ പിള്ള രാജു എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Read also: പത്താം ക്ലാസിൽ ഇംഗ്ലീഷ് പരീക്ഷയ്ക്ക് തോറ്റു; ഇന്ന് ഇംഗ്ലീഷ് അധ്യാപകൻ; തോറ്റവർക്ക് ഊർജം പകർന്ന് ഒരു കുറിപ്പ്

ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. ആദ്യം സംവിധാനം ചെയ്ത ചിത്രം ‘കേരള കഫെ’ ആയിരുന്നു. അദ്ദേഹം തിരക്കഥ നിര്‍വഹിക്കുന്ന നാലാമത്തെ ചിത്രമാണ് പതിനെട്ടാം പടി. ഉറുമി, നത്തോലിഒരു ചെറിയ മീനല്ല, മൈ സ്റ്റോറി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷമാണ് പതിനെട്ടാം പടി ഒരുക്കുന്നത്.