പിറന്നാള്‍ നിറവില്‍ സൂര്യ; ആശംസകളോടെ ആരാധകരും

July 23, 2019

തമിഴകത്ത് മാത്രമല്ല മലയാളക്കരയിലുമുണ്ട് സൂര്യ എന്ന താരത്തിന് ആരാധകര്‍ ഏറെ. പിറന്നാള്‍ നിറവിലാണ് താരം ഇന്ന്. ആരാധകര്‍ക്ക് ഒപ്പം ചലച്ചിത്ര ലോകത്തെ നിരവധി ആളുകളും താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നുണ്ട്. വെള്ളിത്തിരയില്‍ അഭിനയ വസന്തം തീര്‍ക്കുന്ന നടനാണ് സൂര്യ. ആരാദധകരോടുള്ള സ്‌നേഹപൂര്‍ണ്ണമായ താരത്തിന്റെ ഇടപെടലുകളും നേരത്തെ മുതല്‍ക്കെ ശ്രദ്ധേയമാണ്.

1925 ജൂലൈ 23 നായിരുന്നു സൂര്യയുടെ ജനനം. തമിഴകത്തെ പ്രശസ്ത നടന്‍ ശിവകുമാറിന്റെയും ഭാര്യ ലക്ഷ്മിയുടെയും മൂത്ത മകനാണ് സൂര്യ. സൂര്യയുടെ സഹോദരില്‍ ഒരാളായ കാര്‍ത്തിയും ഏറെ ആരാധകരുള്ള സിനിമാ താരമാണ്. സൂര്യയുടെ സഹോദരി വൃന്ദ ചലച്ചിത്ര പിന്നണി ഗാനരംഗത്തും ശ്രദ്ധേയയാണ്. സിനിമാ താരം ജ്യോതികയാണ് സൂര്യയുടെ ഭാര്യ.

1997 ലായിരുന്നു ചലച്ചിത്ര രംഗത്തേയ്ക്കുള്ള സൂര്യയുടെ അരങ്ങേറ്റം. നേര്‍ക്ക് നേര്‍ എന്ന ആദ്യ ചിത്രത്തില്‍ നടന്‍ വിജയ്‌ക്കൊപ്പമായിരുന്നു സൂര്യ അഭിനയിച്ചത്. അഭിനയിച്ച ആദ്യ ചിത്രത്തില്‍ തന്നെ സൂര്യ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ താരം കേന്ദ്ര കഥാപാത്രമായെത്തി. ഫ്രണ്ട്‌സ്, നന്ദ, പിതാമകന്‍, ആറ്, പേരഴകന്‍, ഗജിനി, കാക്ക കാക്ക, ആയുത എഴുത്ത്, വാരണം ആയിരം, സിങ്കം തുടങ്ങി നിരവധി ചിത്രങ്ങളില്‍ സൂര്യ അവിസ്മരണീയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മൂന്ന് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും സൂര്യയെ തേടിയെത്തിയിട്ടുണ്ട്.

Read more:പ്രണയകാലത്തിന്‍റെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തി ‘വാര്‍ത്തകള്‍ ഇതുവരെ’ യിലെ ഗാനം

അതേസമയം സൂര്യ പ്രധാന കഥാപാത്രമായെത്തുന്ന കാപ്പാന്‍ എന്ന ചിത്രം അണിയറയില്‍ ഒരുക്കത്തിലാണ്. സൂര്യയ്‌ക്കൊപ്പം മോഹന്‍ലാലും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. കെ.വി ആനന്ദാണ് ‘കാപ്പാന്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷ ചുമതലയുള്ള എന്‍എസ്ജി കമാന്‍ഡോ ആയി സൂര്യയും ചിത്രത്തിലെത്തുന്നു. ആര്യ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായി എത്തുന്നു. രക്ഷിക്കും എന്ന് അര്‍ത്ഥമുള്ള തമിഴ് വാക്കാണ് കാപ്പാന്‍. ഇന്ത്യന്‍ രാഷ്ട്രീയവും ഇന്ത്യ പാക് പ്രശ്‌നങ്ങളും തീവ്രവാദവുമെല്ലാം കാപ്പാന്‍ എന്ന സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് സൂചന.