നീങ്ങിത്തുടങ്ങിയ ട്രെയ്‌നില്‍ ചാടിക്കയറാന്‍ ശ്രമം; പിന്നാലെ ഓടിയ പൊലീസ് രക്ഷകരായി: വീഡിയോ

September 27, 2019

ചിലരുടെ സമയോചിതമായ ഇടപെടലുകളാണ് പലപ്പോഴും മറ്റ് ചിലര്‍ക്ക് രക്ഷയാകുന്നത്. കഴിഞ്ഞ ദിവസം പാഞ്ഞുവരുന്ന ലോറിക്ക് മുന്നിലേയ്ക്ക് സൈക്കിളില്‍ നീങ്ങിയ ബാലനെ രക്ഷിച്ചതും ട്രാഫിക് പൊലീസുകാരന്റെ സമയോചിതമായ ഇടപെടലും ജാഗ്രതയുമാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ വീണ്ടും ശ്രദ്ധ നേടുകയാണ് ഇത്തരത്തിലുള്ള മറ്റൊരു വീഡിയോ.

ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാനുള്ള ശ്രമത്തിലായിരുന്നു യാത്രക്കാരന്‍. എന്നാല്‍ ട്രെയിനിനുള്ളില്‍ യാത്രക്കാരന് കയറിപ്പറ്റാന്‍ സാധിച്ചില്ല. ട്രെയിനില്‍ നിന്നും അയാള്‍ കാല്‍ വഴുതി താഴേയ്ക്ക് വീഴുന്നു. എന്നാല്‍ യാത്രക്കാരൻ ട്രെയിനില്‍ നിന്നും പിടി വിട്ടിരുന്നില്ല. നീങ്ങിത്തുടങ്ങിയ ട്രെയിനിനൊപ്പം യാത്രക്കാരനും ഇഴഞ്ഞ് നീങ്ങിത്തുടങ്ങി.

ഈ സമയം റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ നടക്കുകയായിരുന്ന രണ്ട് ആര്‍പിഎഫ് ഉദ്യാഗസ്ഥര്‍ ഇത് കാണുകയും യാത്രക്കാരനെ തള്ളി ട്രെയിനിന് അകത്തേയ്ക്ക് കയറ്റുകയുമായിരുന്നു. റെയില്‍വേ പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് യാത്രക്കാരന് തുണയായത്.

Read more:അവിചാരിതമായി വേദിയില്‍ ഭാര്യയുടെ സര്‍പ്രൈസ്; നിറകണ്ണുകളോടെ ശിവകാര്‍ത്തികേയന്‍: വീഡിയോ

യാത്രക്കാരന്‍ ട്രെയിനിലേയ്ക്ക് ഓടിക്കയറാന്‍ ശ്രമിയ്ക്കുന്നതും താഴേയ്ക്കു വീഴുന്നതും പൊലീസുകാര്‍ രക്ഷിക്കുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമാകുന്നുണ്ട്. ഓടുന്ന ട്രെയിനില്‍ നിന്നും ഇറങ്ങുകയോ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേയ്ക്ക് കയറുകയോ ചെയ്യരുത് എന്ന അടിക്കുറുപ്പോടെയാണ് റെയില്‍വേ മന്ത്രാലയം ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.

ഓടുന്ന ട്രെയിനില്‍ നിന്നും ഇറങ്ങുന്നതും ട്രെയിനിലേയ്ക്ക് കയറുന്നതുമെല്ലാം അപകടകരമാണെന്ന് അറിയാമെങ്കിലും പലപ്പോഴും ഇത്തരം കാര്യങ്ങള്‍ പലരും ശ്രദ്ധിക്കാറില്ല. ഇത്തരം ചില എടുത്തുചാട്ടങ്ങള്‍ പലപ്പോഴും നയിക്കുന്നത് മരണംവരെ സംഭവിച്ചേക്കാവുന്ന ചില അപകടങ്ങളിലേയ്ക്കാണ്.