വ്യായാമവും ഭക്ഷണരീതിയും; അറിഞ്ഞിരിക്കാം ചില ആരോഗ്യകാര്യങ്ങൾ
ഇന്നത്തെ ജീവിതസാഹചര്യത്തിനിടയ്ക്ക് സൗകര്യപൂർവ്വം മനുഷ്യർ ഒഴിവാക്കുന്ന ഒന്നാണ് വ്യായാമം. എന്നാൽ വ്യായാമം ജീവിതചര്യയുടെ ഭാഗമാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
വ്യായാമം ചെയ്യേണ്ടതിന്റെ ആവശ്യകത:
തുടര്‍ച്ചയായി ഇരുന്നു ജോലി ചെയ്യുന്നവരും അമിത വണ്ണമുള്ളവരും ദിവസവും വ്യായാമം ശീലമാക്കണം. കൃത്യമായ വ്യായാമത്തിലൂടെ ശരിരത്തില്‍ അടിഞ്ഞുകൂടുന്ന അമിതതോതിലുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സാധിക്കും. ഇതുവഴി ഹൃദയത്തെയും ആരോഗ്യപൂര്‍ണ്ണമായി സംരക്ഷിക്കാനാകും.
വ്യായാമം ചെയ്യേണ്ടത് എങ്ങനെ:
പെട്ടെന്നൊരു ദിവസം മണിക്കൂറുകള്‍ വര്‍ക്കൗട്ട് ചെയ്യുന്നത് ശരിയല്ല. വര്‍ക്കൗട്ട് ചെയ്യുന്നത് ആസ്വദിക്കാവുന്ന തരത്തില്‍ ആയിരിക്കണം. വ്യായാമം ശരീരത്തിനൊപ്പം മനസ്സിനും ഉന്മേഷവും സന്തോഷവും പകരുന്നതാവണം. വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് ചിലപ്പോൾ വിനയായി മാറാനും സാധ്യതയുണ്ട്.
വ്യായാമം ചെയ്യേണ്ടത് എപ്പോൾ:
അതിരാവിലെ വ്യായാമം ചെയ്യുന്നതാണ് നല്ലത്. എന്നാൽ രാവിലെ സമയമില്ലാത്തവര്‍ക്ക് വൈകുന്നേരവും വ്യായാമം ചെയ്യാം. വ്യായാമങ്ങള്‍ ചെയ്യാനൊരുങ്ങുമ്പോള്‍ ആദ്യത്തെ 5-10 മിനിറ്റുകൾ വാം അപ്പ് ചെയ്യാൻ ശ്രദ്ധിക്കണം. യോഗ, നടത്തം, ഓട്ടം, നീന്തൽ ഇങ്ങനെയുള്ള വ്യായാമങ്ങൾ ഏത് പ്രായത്തിലുള്ളവർക്കും ചെയ്യാവുന്നതാണ്. എന്നാൽ കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നതിന് മുൻപ് കുറച്ച് കൂൾ ടൗൺ എക്സസൈസുകൾ ചെയ്യേണ്ടതാണ്.
Read also: കാലിൽ മുറിവ്: മെഡിക്കൽ ഷോപ്പിലെത്തി മരുന്ന് വാങ്ങി ഒരു കുരങ്ങൻ, വൈറൽ വീഡിയോ
പ്രമേഹരോഗികളും, ഗർഭിണികളും അറിയാൻ:
പ്രമേഹരോഗികൾക്കും വ്യായാമങ്ങൾ ചെയ്യാം എന്നാൽ വ്യായാമം തുടങ്ങുന്നതിന് മുൻപ് ജ്യൂസോ മറ്റോ കഴിക്കണം. ആർത്തവ ദിവസങ്ങളിൽ വ്യായാമം നിർത്തിവയ്ക്കുന്നതിന് പകരം സിംപിളായ ഏതെങ്കിലും എക്സൈസുകൾ ചെയ്യാം. ഗർഭിണികൾക്കും ചെറിയ രീതിയിലുള്ള എക്സസൈസുകൾ അഞ്ചാം മാസം വരെ ചെയ്യുന്നതിന് കുഴപ്പമില്ല. എന്നാൽ അതിന് ശേഷം ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ വ്യായാമങ്ങൾ ചെയ്യാവു. ഇത് പ്രസവത്തെ എളുപ്പമുള്ളതാക്കി തീർക്കും.
ഭക്ഷണവും വ്യായാമവും
ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് ഭക്ഷണകാര്യത്തിലാണ്. വ്യായാമം ചെയ്യും മുൻപ് എന്തെങ്കിലും ലഘു ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. എന്നാൽ വ്യായാമത്തിന് മുൻപ് കഴിക്കരുതാത്ത ഭക്ഷണങ്ങളെക്കുറിച്ച് നിർബന്ധമായും അറിഞ്ഞിരിക്കണം.
പാൽ, പയറുവർഗങ്ങൾ, എരിവുള്ള ഭക്ഷണങ്ങൾ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ നിർബന്ധമായും വ്യായാമത്തിന് മുൻപ് കഴിക്കുന്നത് ഒഴിവാക്കണം. പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ള പയറുവർഗങ്ങൾ ദഹിക്കാൻ വളരെയധികം സമയം ആവശ്യമാണ്, ഇതിനാൽ ഇത്തരം ഭക്ഷണങ്ങൾ വ്യായാമത്തിന് ശേഷം മാത്രം കഴിക്കുക.