‘ആരാരും കാണാതെ പുന്നാരം ചൊല്ലാതെ…’; ശ്രദ്ധ നേടി പെണ്ണുകാണലിന്റെ കഥ പറയുന്ന സംഗീത ആല്‍ബം

January 8, 2020

ചിലരങ്ങനാണ്, എന്തു ചെയ്താലും അതെപ്പോഴും ഹിറ്റ്. ഹരിശങ്കറിന്റെ കാര്യവും അങ്ങനെ തന്നെ. കക്ഷി ഏത് പാട്ട് പാടിയാലും സൂപ്പര്‍ ഹിറ്റ്. പാട്ടില്‍ ഒരുതരം മാന്ത്രികത കൊണ്ടുവരാന്‍ ഈ ഗായകന് കഴിയുന്നു. അതുകൊണ്ടാണല്ലോ ഹരിശങ്കറിന്റെ പാട്ടുകള്‍ ആസ്വാദകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതും.

അതിമനോഹരമായ ആലാപനമാധുര്യംകൊണ്ട് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ശ്രദ്ധേയനാണ് കെ എസ് ഹരിശങ്കര്‍. മെലോഡിയസ് ആയിട്ടുള്ള ഹരിശങ്കറിന്റെ ആലാപനം മഴ പോലെ ആസ്വാദകന്റെ ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്നു. ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലെ നിലാവും മായുന്നു…, ‘അനാര്‍ക്കലി’ എന്ന ചിത്രത്തിലെ വാനം ചായും…, ‘തീവണ്ടി’ എന്ന സിനിമയിലെ ജീവാംശമായി…., ‘അതിരന്‍’ എന്ന ചിത്രത്തിലെ പവിഴ മഴയെ… തുടങ്ങിയ സുന്ദര ഗാനങ്ങളെല്ലാം ഹരിശങ്കറിന്റെ ആലാപനത്തില്‍ എടുത്തുപറയേണ്ടവയാണ്.

Read more:പൊടി വില്ലനാകുമ്പോള്‍; അറിഞ്ഞിരിക്കാം ചില കാര്യങ്ങള്‍

കെ എസ് ഹരിശങ്കറിന്റെ ആലാപന മികവില്‍ മറ്റൊരു ഗാനം കൂടി. എന്നാല്‍ സിനിമയിലേതല്ല ഈ ഗാനം. മറിച്ച് ഒരു സംഗീത ആല്‍ബമാണ്. ആരാരും കാണാതെ പുന്നാരം ചൊല്ലാതെ എന്നു തുടങ്ങുന്ന ഗാനം ഇതിനോടകംതന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഒരു പെണ്ണുകാണലിന്റെ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. കര്‍ണാടകയില്‍ വെച്ചു ചിത്രീകരിച്ചിരിക്കുന്ന ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നതും കര്‍ണാടക സ്വദേശികളാണ്. സംഗീത സംവിധായകനായ സാം സൈമണാണ് മനോഹരമായ ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ഡിജിന്‍ ദേവരാജിന്റേതാണ് ഗാനത്തിലെ വരികള്‍.