ചൈനയിലുള്ള ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം ഇന്ന് വുഹാനിലേക്ക്

January 31, 2020

കൊറോണ വൈറസ് വ്യാപകമായി പ്രചരിക്കിന്ന സാഹചര്യത്തില്‍ ചൈനയിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയ്യാറെടുത്ത് ഇന്ത്യ. ഇതുപ്രകാരം എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ഇന്ന് ഉച്ചക്ക് 12.30 ന് ഡല്‍ഹിയില്‍ നിന്നും വുഹാനിലേക്ക് പുറപ്പെടും. 16 ജീവനക്കാരുമായാണ് വിമാനം വുഹാനിലേക്ക് പറക്കുക. രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക മെഡിക്കല്‍ സംഘവും വിമാനത്തില്‍ ഉണ്ടാകും.

വിദ്യാര്‍ത്ഥികളടക്കം നിരവധി ഇന്ത്യക്കാര്‍ ബെയ്ജിങ്ങിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ടതായി വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ പൗരന്മാരെ സഹായിക്കാന്‍ ബെയ്ജിങ്ങിലെ നയതന്ത്ര കാര്യാലയം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.

Read more: കൊറോണ: ആഗോള അടിയന്തരാവസ്ഥ; ചൈനയില്‍ മരണം 213, കേരളത്തിലെ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം

അതേസമയം കേരളത്തിലും കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. നിലവില്‍ കേരളത്തില്‍ ഒരാള്‍ക്ക് മാത്രമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധിച്ച വിദ്യാര്‍ത്ഥിനിയുടെ നില മെച്ചപ്പെടുന്നുണ്ട്. വിദ്യാര്‍ത്ഥിനിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംസ്ഥാനത്ത് 1053 പേര്‍ നിരീക്ഷണത്തിലുണ്ട്.

കൊറോണ വൈറസ് ബാധ മൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 213 ആയി. ചൈനയ്ക്ക് പുറമെ 19ഓളം രാജ്യങ്ങളിലും കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജര്‍മനി, ജപ്പാന്‍, വിയറ്റ്‌നാം, യുഎസ് എന്നിവിടങ്ങളിലും വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകര്‍ന്നതായും കണ്ടെത്തി. കൊറോണ വൈറസ് ആഗോളതലത്തില്‍ ഭീഷണിയായതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.