‘കുഞ്ചാക്കോ ബോബൻ ഒരുദാഹരണമാണ്,എങ്ങനെ തന്റെ കരിയർ തിരികെ പിടിക്കാമെന്നതിന്’- വൈറൽ കുറിപ്പ്

January 29, 2020

‘അഞ്ചാം പാതിരാ’ എന്ന ത്രില്ലർ ചിത്രം കുഞ്ചാക്കോ ബോബനെ സംബന്ധിച്ച് വലിയൊരു വഴിത്തിരിവാണ്. ഏറെക്കാലത്തിനു ശേഷം ഇത്രയധികം അഭിനന്ദനങ്ങളും അംഗീകാരങ്ങളും കുഞ്ചാക്കോയ്ക്ക് നേടിക്കൊടുത്തത് ‘അഞ്ചാം പാതിരാ’യാണ്. മിഥുൻ മാനുവൽ എന്ന സംവിധായകൻ സ്വയം തെളിയിച്ച, അല്ലെങ്കിൽ അത്ഭുതപ്പെടുത്തിയ ചിത്രം എന്ന് വേണം പറയാൻ. എങ്കിലും കുഞ്ചാക്കോ ബോബന്റെ കരിയർ ബെസ്റ്റ് ചിത്രമായ ‘അഞ്ചാം പാതിരാ’യുടെ വിജയത്തിൽ അദ്ദേഹത്തെ കുറിച്ച് ആരാധകൻ എഴുതിയ കുറിപ്പ് വൈറലാകുകയാണ്. രഞ്ജിത്ത് ജോസഫ് എന്ന യുവാവിന്റെ കുറിപ്പാണു സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

രഞ്ജിത്തിന്റെ കുറിപ്പ്;

സിനിമയിലെ കരിയറെന്നതൊരു ഞാണിന്മേൽ കളിയാണ്. ഓരോ കാലഘട്ടത്തിലെ ട്രെൻഡ് തിരിച്ചറിയാനും അതിനൊപ്പം സ്വയം അപ്ഡേറ്റ് ചെയ്യാനും തയ്യാറായാലേ ഒരാൾക്ക് സിനിമ ഫീൽഡിൽ ഒരു ലോങ്ങ് റൺ പ്രതീക്ഷിക്കാനൊക്കൂ. അല്ലെങ്കിൽ ഒരു ചെറിയ കാലയളവിലെ തിളക്കത്തിന് ശേഷം അഭ്രപാളിയിലേക്ക് മടങ്ങാനോ ഫൈനൽ തിരിച്ചുവരവ്, ശരിക്കും ഫൈനൽ തിരിച്ചുവരവ് എന്നൊക്കെ പറഞ്ഞ്‌ പേരിനൊരു സാന്നിധ്യമായി പിടിച്ചു നിൽക്കാനെ സാധിക്കൂ. കുഞ്ചാക്കോ ബോബൻ ഒരുദാഹരണമാണ്.ഷോർട് റൺ സിറ്റുവേഷനിൽ നിന്നും എങ്ങനെ തന്റെ കരിയർ തിരികെ പിടിക്കാമെന്നതിന്.

97–ല്‍ അത് വരെ ഒരു മലയാളി നായകന് കിട്ടാവുന്നതിൽ ഏറ്റവും മികച്ച തുടക്കം കിട്ടിയ അതെ ആൾ തന്നെ കൃത്യം പത്ത് കൊല്ലം കഴിയുമ്പോഴേക്കും ഏറെക്കുറെ ഫീൽഡ് ഔട്ട് ആയ അവസ്ഥ. ‘ഗുലുമാൽ’ നല്ലൊരു ബ്രേക്ക് ആയിരുന്നുവെങ്കിലും ശരിക്കും നല്ലൊരു തിരിച്ചുവരവെന്നത് കഴിഞ്ഞ ദശാബ്ദത്തിന്റെ തുടക്കത്തിൽ വന്ന ‘എൽസമ്മ എന്ന ആൺകുട്ടി’ (2010) ആയിരുന്നു.

ശേഷം മൾടി സ്റ്റാർ ചിത്രങ്ങളായ ‘ഓർഡിനറി’, ‘റോമൻസ്’, സീനിയേഴ്സ് ഒപ്പം മലയാള സിനിമയുടെ ജാതകം തന്നെ മാറ്റിയ ‘ട്രാഫിക്ക്’ തുടങ്ങിയവയിലൂടെ തന്റെ commercial bankability കൂട്ടാൻ ചാക്കോച്ചന് സാധിച്ചു. ഇപ്പോഴും ഓർമയുണ്ട് 2013 ൽ ‘ഗോഡ് ഫോർ സെയിൽ’ എന്ന ചിത്രത്തിന് ആദ്യ ദിവസം (പദ്മ ആണെന്നാണ് ഓർമ) കണ്ട തിരക്ക്.

‘ഗോഡ് ഫോർ സെയിലി’ന്റെ പരാജയം ഒരു തിരിച്ചടിയായി. ഒപ്പം ‘ഓർഡിനറി’, ‘റോമൻസ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ലഭിച്ച ജനപിന്തുണ ‘വെള്ളിമൂങ്ങ’ പോലുള്ള ചിത്രങ്ങളിലൂടെ ബിജു മേനോൻ എക്സ്‌പ്ലോയ്‌റ്റ് ചെയ്തപ്പോൾ സോളോ ഹിറ്റുകളുടെ ഫ്ലോപ്പ് ചാക്കോച്ചനെ സാരമായി ബാധിച്ചുവെന്ന് തന്നെ പറയാം. ഫലമോ ‘വേട്ട’, ‘ടേക്ക് ഓഫ്’ പോലുള്ള നല്ല ശ്രമങ്ങൾ വന്നിട്ട് പോലും അദ്ദേഹത്തിലുള്ള വിശ്വാസം ജനങ്ങളിൽ കുറഞ്ഞു. എന്നാൽ 2019 ൽ ചാക്കോച്ചന്റെ ചെറിയൊരു ട്രാക്ക് മാറ്റത്തിനാണ് നാം പിന്നീട് സാക്ഷ്യം വഹിച്ചത്. നെഗറ്റിവ്സ് ഉണ്ടായിരുന്നെങ്കിൽ കൂടിയും ‘അള്ള്‌ രാമേന്ദ്രനി’ലെ രാമേന്ദ്രൻ എന്ന കഥാപാത്രവും ‘വൈറസി’ലെ ഡോക്ടർ കഥാപാത്രവും വളരെയേറെ ശ്രദ്ധ ലഭിച്ചു.

2010-19 കാലയളവ് ഒരു തിരിച്ചുവരവായിരുന്നെങ്കിൽ 2020-29 ഒരു സോളോ ഹീറോ ആയിട്ടുള്ള ചാക്കോച്ചന്റെ തിരിച്ചുവരവിനാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്.’അഞ്ചാം പാതിരാ’ മാത്രമല്ലേ ഇങ്ങനെ വമ്പൻ ഹിറ്റ് അടിച്ചിട്ടുള്ളൂ, അപ്പോഴേക്കും ഇങ്ങനെ ആവേശം കൊള്ളണോ എന്ന് പലർക്കും ഇപ്പോഴും തോന്നുണ്ടാവും. പക്ഷേ എന്തോ ഇനി വരുന്ന ലൈനപ്പ് അതിന് സഹായകമാകും എന്ന പ്രതീക്ഷ പകരുന്നു. മാർട്ടിൻ പ്രക്കാട്ട് മൂവി, ജിസ് ജോയ് മൂവി ഈയിടെ ഇറങ്ങിയ പടയുടെ പോസ്റ്ററൊക്കെ വൻ പ്രതീക്ഷ നൽകുന്നു.

സംഗതി ഈ നിമിത്തങ്ങളിൽ ഒക്കെ വിശ്വസിക്കാമോ എന്നതൊരു ചോദ്യമാണ്. എന്നിരുന്നാൽ കൂടിയും ഒരു മകൻ ജനിച്ചതിന് ശേഷമാണ് ഇത്രയും പോസിറ്റീവായിട്ടുള്ള മാറ്റം ചാക്കോച്ചന്റെ കരിയറിൽ കാണാൻ സാധിക്കുന്നത്. ആ ഒരു ഐശ്വര്യം, പോസിറ്റിവിറ്റി അദ്ദേഹത്തിന്റെ കരിയറിൽ നിലനിൽക്കട്ടെ എന്നാശംസിച്ച് കൊണ്ട് നിർത്തുന്നു’.

Read More: കൊറോണ വൈറസ്: ചൈനയിൽ മരണം 132, വുഹാനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ നീക്കം ശക്തം

കഴിഞ്ഞ വർഷമാണ് ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ ഇസഹാക്ക് ജനിക്കുന്നത്. അതിനു സെഷജം കുഞ്ചാക്കോ ബോബന്റെ ജീവിതത്തിൽ നല്ല വഴിത്തിരിവുകളാണ് സംഭവിക്കുന്നതും. ഒട്ടേറെ മികച്ച ചിത്രങ്ങളുമായി തിരക്കിലാണ് താരം.