അപൂര്‍വ്വ കലാരൂപത്തിന് കിട്ടിയ അംഗീകാരം; പത്മശ്രീ പുരസ്‌കാരനേട്ടത്തില്‍ സന്തോഷമറിയിച്ച് നോക്കുവിദ്യാ പാവക്കൂത്ത് കലാകാരി പങ്കജാക്ഷിയമ്മ

January 26, 2020

പത്മശ്രീ പുരസ്‌കാര നേട്ടത്തില്‍ സന്തോഷമറിയിച്ചിരിക്കുകയാണ് നോക്കുവിദ്യാ പാവക്കൂത്ത് കലാകാരി പങ്കജാക്ഷിയമ്മ. അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന കലാരൂപത്തിന് ലഭിച്ച അംഗീകാരമാണിതെന്നും പങ്കജാക്ഷിയമ്മ പറഞ്ഞു. കോട്ടയം ജില്ലയിലെ മോനിപ്പള്ളി സ്വദേശിയാണ് പങ്കജാക്ഷിയമ്മ. എണ്‍പത്തിയഞ്ചാം വയസ്സിലാണ് പത്മശ്രീ ബഹുമതി പങ്കജാക്ഷിയമ്മയെ തേടിയെത്തിയിരിക്കുന്നത്.

നോക്കുവിദ്യാ പാവക്കൂത്തിലെ അമ്പത് വര്‍ഷത്തെ സേവനം കണക്കിലെടുത്താണ് പങ്കജാക്ഷിയമ്മയ്ക്ക് പുരസ്‌കാരം ലഭിച്ചത്. പങ്കജാക്ഷിയമ്മയുടെ കൊച്ചുമകള്‍ രഞ്ജിനിക്കും നോക്കുവിദ്യാ പാവകളി അറിയാം. ഇന്ത്യയ്ക്ക് പുറമെ വിദേശ രാജ്യങ്ങളിലും പങ്കജാക്ഷിയമ്മ നോക്കുവിദ്യാ പാവകളി അവതരിപ്പിച്ചിട്ടുണ്ട്.

Read more: റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം

അതേസമയം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പത്മപുരസ്‌കാരങ്ങള്‍ ലഭിച്ചവരില്‍ ഏഴ് മലയാളികളും ഉള്‍പ്പെടുന്നു. പങ്കജാക്ഷിയമ്മയ്ക്ക് പുറമെ, സസ്യ ശാസ്ത്രജ്ഞന്‍ ഡോ. കെ എസ് മണിലാല്‍, ഹിന്ദി ഭാഷാ പണ്ഡിതന്‍ ഡോ. എന്‍ ചന്ദ്രശേഖരന്‍ നായര്‍, അരുണാചലിലെ സാമൂഹ്യപ്രവര്‍ത്തകന്‍ മലയാളിയായ സത്യനാരായണന്‍ മുണ്ടൂര്‍, ഹരിജന്‍ സമാജം നേതാവും ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരിയുമായ സാമൂഹ്യ പ്രവര്‍ത്തകന്‍ എം കെ കുഞ്ഞോല്‍ എന്നിവര്‍ക്കും പത്മശ്രീ പുരസ്‌കാരങ്ങള്‍ ലഭിച്ചു.

അന്തരിച്ച പ്രശസ്ത നിയമവിദഗ്ധന്‍ എന്‍ ആര്‍ മാധവമേനോന്‍, ആത്മീയാചര്യനും മലയാളിയുമായ ശ്രീ എം എന്നിവര്‍ക്ക് പദ്മഭൂഷന്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.