മമ്മൂട്ടിയോട്, ‘വായടയ്ക്കൂ അബദ്ധം പറയരുത്’; ആദ്യ ഡയലോഗ് ഓര്‍ത്തെടുത്ത് റഹ്മാന്‍

January 26, 2020

സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ചലച്ചിത്രതാരങ്ങളില്‍ മിക്കവരും. പലപ്പോഴും സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ആദ്യ സിനിമയിലെ തന്റെ ആദ്യ ഡയലോഗ് ഓര്‍ത്തെടുത്തിരിക്കുകയാണ് ചലച്ചിത്രതാരം റഹ്മാന്‍.

പത്മരാജന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെയായിരുന്നു റഹ്മാന്റെ ചലച്ചിത്ര പ്രവേശനം. 1983 ലാണ് ഈ ചിത്രം തിയേറ്ററുകളിലെത്തിയത്. ‘വായടയ്ക്കൂ അബദ്ധം പറയരുത്’ എന്നതായിരുന്നു ക്യാമറയ്ക്ക് മുന്നില്‍ റഹ്മാന്‍ പറഞ്ഞ ആദ്യ ഡയലോഗ്. ഈ ഡയലോഗ് പറഞ്ഞതാകട്ടെ മമ്മൂട്ടിയോടും.

”മമ്മൂട്ടിയോട്, വായടയ്ക്കൂ, അബദ്ധം പറയരുത്. എന്റെ ആദ്യ ഡയലോഗ്. ക്യാമറയ്ക്ക് മുന്നിലെ എന്റെ ആദ്യ ഷോട്ട്. എന്റെ ആദ്യ നായകനോടൊപ്പം” എന്നാണ് റഹ്മാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മമ്മൂട്ടിയും സുഹാസിനിയുമാണ് ‘കൂടെവിടെ’ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. ഊട്ടിയിലെ ഒരു ബോര്‍ഡിങ് സ്‌കൂളായിരുന്നു ചിത്രത്തിന്റെ പശ്ചാത്തലം. ആലീസ് എന്ന അധ്യാപികയായി സുഹാസിനിയും ക്യാപ്റ്റന്‍ തോമസ് എന്ന കഥാപാത്രമായി മ്മൂട്ടിയും ചിത്രത്തില്‍ നിറഞ്ഞു നിന്നു. രവി പുത്തൂരാന്‍ എന്ന വിദ്യാര്‍ത്ഥിയായിട്ടാണ് ഈ ചിത്രത്തില്‍ റഹ്മാന്‍ പ്രത്യക്ഷപ്പെട്ടത്.

കാണാമറയത്ത്, തമ്മില്‍ തമ്മില്‍, ഈ ലോകം ഇവിടെ കുറേ മനുഷ്യര്‍, പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്, കരിയില കാറ്റുപോലെ, രാജമാണിക്യം, ബ്ലാക്ക് തുടങ്ങിയ ചിത്രങ്ങളിലും മമ്മൂട്ടിക്കൊപ്പം റഹ്മാന്‍ അഭിനയിച്ചിട്ടുണ്ട്.