നസ്രിയയെ ഒളികണ്ണാല്‍ നോക്കി ഫഹദ്; ശ്രദ്ധേയമായി ‘ട്രാന്‍സ്’-ലെ വീഡിയോ ഗാനം

January 29, 2020

ഒരു നോട്ടംകൊണ്ടുപോലും വെള്ളിത്തിരയില്‍ അഭിനയത്തിന്റെ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന നടനാണ് ഫഹദ് ഫാസില്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ട്രാന്‍സ്’. പ്രഖ്യാപനം മുതല്‍ക്കേ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ് ചിത്രത്തെ. പ്രേക്ഷക പ്രതീക്ഷ വര്‍ധിപ്പിച്ചുകൊണ്ട് ചിത്രത്തിലെ ഗാനം പുറത്തെത്തി.

‘നൂല് പോയ നൂറ് പട്ടങ്ങള്‍…’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ അഭിനയം തന്നെയാണ് ഗാനരംഗത്തിലെ മുഖ്യ ആകര്‍ഷണം. പാട്ടിന്റെ ഒടുവിലായി നസ്രിയയും പ്രത്യക്ഷപ്പെടുന്നുണ്ട്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ജാക്‌സണ്‍ വിജയന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. പ്രണയദിനമയ ഫെബ്രുവരി 14 മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അന്‍വര്‍ റഷീദാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം, പറവ, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന നാലാമത്തെ ചിത്രമാണ് ട്രാന്‍സ്. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിനു ശേഷം അന്‍വര്‍ റഷീദ് സംവിധാനം നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയും ‘ട്രാന്‍സ്’ എന്ന സിനിമയ്ക്കുണ്ട്.

സോഷ്യല്‍ ഡ്രാമ കാറ്റഗറിയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ട്രാന്‍സ്’. ഫഹദിനും നസ്രിയയ്ക്കും പുറമെ സൗബിന്‍ സാഹിര്‍, വിനായകന്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, ജോജു ജോര്‍ജ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശ്രീനാഥ് ഭാസി, അര്‍ജുന്‍ അശോകന്‍, ശ്രിന്ദ, അശ്വതി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സംവിധായകന്‍ ഗൗതം വാസുദേവും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നു.

അമല്‍ നീരദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അന്‍വര്‍ റഷീദും അമല്‍ നീരദും ഒരു ഫീച്ചര്‍ ഫിലിമിനുവേണ്ടി ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘ട്രാന്‍സ്’ എന്ന ചിത്രത്തിനുണ്ട്. ഓസ്‌കര്‍ പുരസ്‌കാര ജേതാവായ റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനിംഗ്.

കൊച്ചി, കന്യാകുമാരി, മുംബൈ, ആംസ്റ്റര്‍ ഡാം തുടങ്ങിയ ലൊക്കേഷനുകളിലാണ് സിനിമയുടെ കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. വിന്‍സന്റ് വടക്കനാണ് ചിത്രത്തിന്റെ രചന. പ്രവീണ്‍ പ്രഭാകര്‍ ട്രാന്‍സിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു.